കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികളായ എം.ശിവശങ്കർ, സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള ആറ് പ്രതികളുടെ റിമാന്റ് കാലാവധി പ്രത്യക സാമ്പത്തിക കോടതി നീട്ടി. പ്രതി സ്വപ്നക്കൊപ്പം എം.ശിവശങ്കർ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയിൽ പറഞ്ഞു. മുഴുവൻ ചെലവും വഹിച്ചത് ശിവശങ്കറാണെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എന്തിനാണ് ഇതൊക്കെ ചെയ്തതെന്നും തമാശക്ക് മാത്രമായിരുന്നോ ഇതെന്നും കസ്റ്റംസ് കോടതിയിൽ ചോദിച്ചു. ശിവശശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്താണ് കസ്റ്റംസ് നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകർക്കുന്ന തരത്തിൽ ശിവശങ്കർ ഇടപെട്ടുവെന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഹാനികരമാവും വിധം പ്രവർത്തിച്ചെന്നും കസ്റ്റംസ് ആരോപിച്ചു.
കസ്റ്റംസ് കേസിൽ മറ്റ് പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചെന്നും തന്നെ മാത്രം ജയിലിൽ ഇടുന്നതിന്റെ കാരണം മനസിലാവുന്നില്ലന്നും ശിവശങ്കർ ബോധിപ്പിച്ചു. അന്വേഷണങ്ങളുമായി പൂർണമായും സഹകരിക്കുന്നുണ്ട്. കോടതിയെ തൃപ്തിപ്പെടുത്താൻ മാത്രം ഓരോ രേഖകളും ഏജൻസികൾ സമർപ്പിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. തനിക്കെതിരെ ഇതുവരെ തെളിവുകളില്ലെന്നും ശിവശങ്കർ ചുണ്ടിക്കാട്ടി.
ഓരോ ദിവസവും പുതിയ തെളിവുകളും പുതിയ പേരുകച്ചും പുറത്തുവരുന്നുണ്ടെന്നും അന്വേഷണം തുടരുകയാണന്നും പൂർത്തിയാക്കാൻ അനുവദിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി.