തിരുവനന്തപുരം: നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. എൻഐഎയ്ക്ക് നൽകിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ.

നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊൺസുലേറ്റത് ആവശ്യത്തിനുള്ള വസ്തുക്കളാണ് ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിൻ്റെ അനുമതി വേണം. യുഎഇ കോൺസുലേറ്റിനെ എതി‍ർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം. മന്ത്രി കെ ടി ജലീലിന്‍റെ മൊഴി ദേശീയ അന്വേഷണ ഏജൻസി ഇന്ന് വിശദമായി പരിശോധിക്കും. മൊഴിയുടെ പകർപ്പ് ഇന്നലെ രാത്രി തന്നെ ഡൽഹിയിലേയും ഹൈദരാബാദിലേയും ഓഫീസുകൾക്ക് കൈമാറിയിട്ടുണ്ട്.

Read More: വരവുപോലെ തിരിച്ചുപോക്കും നാടകീയം; മാധ്യമങ്ങളുടെയും പ്രതിഷേധക്കാരുടെയും കണ്ണുവെട്ടിച്ച് ജലീൽ തീരുവനന്തപുരത്തേക്ക്

അതേസമയം, മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ഖുറാനെ രാഷ്ട്രീയ കളിക്കുള്ള ആയുധമാക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഖുറാൻ സർക്കാർ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ല. നടക്കുന്നത് ഖുറാൻ അവഹേളനമാണെന്നും കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.

മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്രമ സമര മത്സരത്തിലാണ് ബിജെപിയും കോൺഗ്രസും മുസ്ലീം ലീഗും. അതിനു വേണ്ടി കോവിഡ് നിയന്ത്രണ വ്യവസ്ഥകൾ പോലും കാറ്റിൽ പറത്തുകയാണ്. മന്ത്രിയെ അപായപ്പെടുത്താൻ വരെ അരാജക സമരക്കാർ ശ്രമിച്ചു. അതിന് വേണ്ടി മന്ത്രിയുടെ വാഹനം വരുമ്പോൾ റോഡിന് നടുവിൽ മറ്റൊരു വാഹനമിട്ട് വൻ അപകടമുണ്ടാക്കാൻ ശ്രമിച്ചു. ഇത്തരം മുറകൾ കവർച്ചാ സംഘക്കാർമാത്രം ചെയ്യുന്നതാണെന്നും കോടിയേരി കുറിച്ചു.

വഖബ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ ജലീൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റമെന്ന് കോടിയേരി ചോദിക്കുന്നു. ജലീൽ ഒരു കുറ്റവും ചെയ്തിട്ടില്ല. സ്വർണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും മറ്റും ഇറങ്ങിയിരിക്കുന്നത് ഏറ്റവും നീചമായ പ്രവൃത്തിയാണെന്നും കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.