തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിറകെ സ്പീക്കറുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഫ്ലാറ്റിൽ കസ്റ്റംസ് സംഘം പരിശോധന നടത്തി. തിരുവനന്തപുരം പേട്ടയിലെ ഒറു ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന. ഈ ഫ്ലാറ്റിൽ വച്ച് സ്പീക്കർക്ക് ഡോളർ കൈമാറിയെന്നായിരുന്ന സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തുന്നതെന്നാണ് വിവരം.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ഇന്നലെ ഉച്ചയോടെ എത്തിയായിരുന്നു കസ്റ്റംസ് സ്പീക്കറുടെ മൊഴിയെടുത്തത്. സ്പീക്കറുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി രണ്ടു തവണ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല. കഴിഞ്ഞ വ്യഴാഴ്ചയാണ് അവസാനമായി സ്പീക്കര്‍ നോട്ടീസ് കൈപ്പറ്റിയത്. എന്നാല്‍ സുഖമില്ലാത്തതിനാൽ ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
Read More: ജലീലിന് പിന്തുണ, ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്നില്ല: എ.കെ.ബാലന്‍
കഴിഞ്ഞ മാസവും ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകള്‍ മൂലം സമയം നീട്ടി നല്‍കാന്‍ പി.ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. വോട്ടിങ്ങിനു ശേഷം ഹാജരാകാമെന്ന് രേഖാമൂലം കസ്റ്റംസിനെ അറിയിക്കുകയും ചെയ്തെങ്കിലും ഹാജരായില്ല. ഇതേത്തുടർന്നാണ് കസ്റ്റംസ് നേരിട്ടെത്തി വിവരങ്ങള്‍ തേടിയത്.
ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ക്കെതിരായ നീക്കം.