കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ അതിരൂക്ഷമായ വിമർശനവുമായി സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്ന് കസ്റ്റംസ് ആരോപിച്ചു. ആശുപത്രിയിൽ ആകുന്നതിന് മുൻപ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജിയിൽ ഒപ്പിട്ട് നൽകിയിരുന്നു.
ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. വേദന സംഹാരി നൽകിയാണ് ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തതെന്നും കസ്റ്റംസ് പറയുന്നു. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ ശിവശങ്കർ ചികിത്സ തേടിയത് ഇതിന്റെ ഭാഗമാണെന്നും അവർ വിമർശിച്ചു.
Read More: ലൈഫ്മിഷൻ കേസിൽ സിബിഐക്ക് തിരിച്ചടി; നേരത്തേ വാദം കേൾക്കില്ല
അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ന് രാവിലെയാണ് കസ്റ്റംസ് എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. കസ്റ്റംസ് കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കസ്റ്റംസ് പറയുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ സാധിക്കില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
അതേസമയം, എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഏതു പ്രധാനിയാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണു സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിന് തുടക്കം മുതല്‍ എല്ലാ സഹകരണവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍ണവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നതാണ് സര്‍ക്കാരിന്റെ താല്‍പര്യം. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ആരെയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്.