കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്​റ്റഡി മർദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഐ ജിഎസ് ദീപക്കിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കിയ ദീപക്കിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ശ്രീജിത്തിനെ എസ്.ഐ ലോക്കപ്പിൽ വെച്ച് മർദിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട്. പ്രതിയെ ജാമ്യത്തിൽ വിടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയിൽ നിലപാടെടുത്തു.

ശ്രീജിത്തിനെ ദീപക് ദേഹോദ്രപവം ഏൽപ്പിച്ചതായും ജാമ്യം ലഭിച്ചാൽ ഇയാൾ കേസിലെ തെളിവുകൾ നശിപ്പിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദീപക്കിനെ പിന്നീട് ആലുവ ജില്ലാ ജയിലിലെത്തിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെ ആലുവ പൊലീസ് ക്ളബിൽ വിളിച്ചുവരുത്തിയ ദീപക്കിനെ മണിക്കൂറുകളോളം ഐ.ജി ശ്രീജിത്ത്, ഡി.ഐ.ജി കെ.പി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്ത ശേഷം രാത്രി 7.45 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇയാൾക്കെതിരെ കൊലക്കുറ്റം, അന്യായമായി തടങ്കലിൽ വെക്കൽ, മർദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജിത്തിനെ വീട്ടിലെത്തി കസ്​റ്റഡിയിലെടുത്ത റൂറൽ ടൈഗർ ഫോഴ്സ് അംഗങ്ങളായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെ അറസ്​റ്റ്​ ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവരാണ് ആദ്യ മൂന്ന് പ്രതികൾ. ദീപക് നാലാം പ്രതിയാണ്. ജിത്തിനെ എസ്.ഐ ദീപക് സ്​റ്റേഷനിൽ ക്രൂരമർദനത്തിനിരയാക്കിയെന്ന് ആദ്യഘട്ടത്തിൽത്തന്നെ ആരോപണമുണ്ടായിരുന്നു. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലുണ്ടായിരുന്നവരുടെ മൊഴിയാണ് നിര്‍ണായകമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ