തൊടുപുഴ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ രാജ്കുമാർ മരിച്ച സംഭവത്തിൽ ഇടുക്കി മജിസ്ട്രേറ്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. രാജ്കുമാറിനെ റിമാൻഡ് ചെയ്തതിൽ വീഴ്ച സംഭവിച്ചോ എന്നാണ് പരിശോധന നടത്തുന്നത്. പോസ്റ്റ‌്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൊടുപുഴ സിജെഎമ്മിനോട് ഹൈക്കോടതി ഇത് സംബന്ധിച്ച് അടിന്തര റിപ്പോർട്ട് തേടി. പരുക്കുകൾ ഉണ്ടായിരുന്നിട്ടും ചികിത്സ നൽകാൻ ഉത്തരവിടാതിരുന്ന സാഹചര്യം എന്തായിരുന്നു എന്ന് അന്വേഷിക്കും.

അതേസമയം, രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് അനുകൂലമായൊരു തീരുമാനം ഉണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ അനിശ്ചിതകാല സമരമിരിക്കുമെന്ന് രാജ്കുമാറിന്റെ കുടുംബം വ്യക്തമാക്കി.

കേസില്‍ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Read More: രാജ്‌കുമാർ കസ്റ്റഡിയിലിരിക്കെ ക്രൂര മർദ്ദനത്തിനിരയായി: പോസ്റ്റ‌്മോർട്ടം റിപ്പോർട്ട്

രാജ‌്കുമാർ കസ്റ്റഡിയിൽ ക്രൂരമർദനത്തിന് ഇരയായതായി പോസ്റ്റ‌്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ആന്തരിക മുറിവുകളെ തുടർന്നുണ്ടായ ന്യൂമോണിയയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്‍കുമാറിന്‍റെ ദേഹത്താകെ ഏഴ് ചതവുകളും 22 പരുക്കുകളും ഉണ്ട്. തുടയിലും കാൽവെള്ളയിലും ചതവുകളും അടിയേറ്റ പാടുകളും ഉണ്ട്.

നാട്ടുകാർ മർദിച്ചതാണ് മരണത്തിന് കാരണം എന്ന പൊലീസിന്റെ വാദവും പൊളിയുകയാണ്. രാജ്‍കുമാറിന്‍റെ ദേഹത്ത് പ്രധാനമായും അരയ്ക്ക് താഴെയാണ് പരുക്കുകളുള്ളത്. കസ്റ്റഡിയിലിരിക്കെ തന്നെയാണ് രാജ്‍കുമാറിന് മർദനമേറ്റിരിക്കുന്നതെന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിദഗ്‍ധർ തയ്യാറാക്കിയ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലാണ് രാജ്‍കുമാറിന്‍റെ മരണകാരണമടക്കമുള്ള കണ്ടെത്തലുകളുള്ളത്.

അതേസമയം, കേസ് അട്ടിമറിക്കാന്‍ പൊലീസ് ഒത്തുകളി നടത്തിയതിന്റെ കൂടുതൽ തെളിവുകള്‍ പുറത്ത് വന്നു. കുറ്റകൃത്യം മറയ്ക്കാന്‍ സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നുമാണ് രേഖകളിൽ പൊലീസ് പറയുന്നത്.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രാജ്കുമാറിന്‍റെ കുടുംബാംഗങ്ങളുടേയും അയൽവാസികളുടേയും അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുധ്യമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

രണ്ട് ജീപ്പ് പൊലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. നെടുങ്കണ്ടം പൊലീസ് രേഖകളില്‍ ഇക്കാര്യം മറച്ചുവച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. സിസിടിവി ദൃശ്യങ്ങൾ ഇടയ്ക്ക് ഓഫ് ആയി പോകുന്നതായും ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കസ്റ്റഡി കൊലപാതകത്തിനൊപ്പം രാജ്കുമാറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.