ഇടുക്കി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ‌്കുമാർ കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിന് ഇരയായതായി പോസ്റ്റ‌്മോർട്ടം റിപ്പോർട്ട്. ആന്തരിക മുറിവുകളെ തുടർന്നുണ്ടായ ന്യ‍ൂമോണിയയാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്‍കുമാറിന്‍റെ ദേഹത്താകെ ഏഴ് ചതവുകളും 22 പരിക്കുകളും ഉണ്ട്. തുടയിലും കാൽവെള്ളയിലും ചതവുകളും അടിയേറ്റ പാടുകളും ഉണ്ട്.

നാട്ടുകാർ മർദ്ദിച്ചതാണ് മരണത്തിന് കാരണം എന്ന പൊലീസിന്റെ വാദവും പൊളിയുകയാണ്. രാജ്‍കുമാറിന്‍റെ ദേഹത്ത് പ്രധാനമായും അരയ്ക്ക് താഴെയാണ് പരിക്കുകളുള്ളത്. കസ്റ്റഡിയിലിരിക്കെ തന്നെയാണ് രാജ്‍കുമാറിന് മർദ്ദനമേറ്റിരിക്കുന്നത് എന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്‍ധർ തയ്യാറാക്കിയ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലാണ് രാജ്‍കുമാറിന്‍റെ മരണകാരണമടക്കമുള്ള കണ്ടെത്തലുകളുള്ളത്.

അതേസമയം കേസ് അട്ടിമറിക്കാന്‍ പൊലീസ് ഒത്തുകളി നടത്തിയതിന്റെ കൂടുതൽ തെളിവുകള്‍ പുറത്ത് വന്നു. കുറ്റകൃത്യം മറയ്ക്കാന്‍ സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നുമാണ് രേഖകളിൽ പൊലീസ് പറയുന്നത്.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രാജ്കുമാറിന്‍റെ കുടുംബാംഗങ്ങളുടേയും അയൽവാസികളുടേയും അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Read More: നെടുങ്കണ്ടം കസ്റ്റഡി മരണം; സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്‌

രണ്ട് ജീപ്പ് പൊലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍. നെടുങ്കണ്ടം പൊലീസ് രേഖകളില്‍ ഇക്കാര്യം മറച്ചുവച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. സിസി ടിവി ദൃശ്യങ്ങൾ ഇടയ്ക്ക് ഓഫ് ആയി പോകുന്നതായും ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കസ്റ്റഡി കൊലപാതകത്തിനൊപ്പം രാജ്കുമാറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു. ജൂലൈ ഏഴിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രാജ്കുമാറിനെ 18, 19 തീയതികളിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. 19 ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച രാജ്കുമാറിനെ ഒപി ഇല്ലാത്തതിനാൽ പരിശോധിപ്പിക്കാതെ പൊലീസുകാർ തിരിച്ച് കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇത് പൊലീസിന് സംഭവിച്ച വീഴ്ചയായാണ് കാണുന്നത്. ജൂൺ 19 ന് രാജ്കുമാറിന്റെ പേര് മെഡിക്കൽ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. ഒപിയിൽ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയയ്ക്കുകയായിരുന്നു. ഇതിനിടെ, പൊലീസുകാർ മർദിച്ചെന്ന് മരിച്ച രാജ്കുമാർ പറഞ്ഞതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാര്‍ വെളിപ്പെടുത്തുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകും മുൻപ് സബ് ജയിലിൽ വച്ച് രാജ്കുമാർ മരിച്ചതായി സഹതടവുകാരൻ കുമളി ചെങ്കര സ്വദേശി സുനിൽ സുകുമാരൻ പറയുന്നു. ഇതും കസ്റ്റഡി മരണ ആരോപണങ്ങൾക്ക് ബലമേകുന്നു. ജയിലിലും മർദനമേറ്റതായും മരിച്ച ദിവസം രാവിലെ ഒരു ഉദ്യോഗസ്ഥൻ കുമാറിന് ഗുളിക കൊടുത്തതായും സുനിൽ വെളിപ്പെടുത്തി. മരിക്കുന്നതിന്റെ തലേദിവസം രാത്രി ഏഴിന് നെഞ്ചുവേദന ഉള്ളതായി കരഞ്ഞുപറഞ്ഞിട്ടും രാജ്കുമാറിനെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും സുനിൽ പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്കുമാറിന്റെ വീട് സന്ദർശിച്ചു. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.