തൊടുപുഴ: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേത് കസ്റ്റഡി മരണം തന്നെയെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. അന്യായ കസ്റ്റഡിയാണ് രാജ്കുമാറിന്റേതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും വീഴ്ച പറ്റിയതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സ്റ്റേഷന്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.  കേസില്‍ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക.  പൊലീസിന്റെ വീഴ്ചകളും ഡോക്ടര്‍മാരുടെ വീഴ്ചകളും അന്വേഷണ സംഘം പരിശോധിക്കും.

Read Also: ‘മൂന്ന് ദിവസം രാജ്കുമാര്‍ വെളളം പോലും കുടിച്ചില്ല, ജയില്‍ അധികൃതരും മർദിച്ചു’; സഹതടവുകാരന്റെ വെളിപ്പെടുത്തല്‍

രാജ്കുമാറിനെ 18, 19 തീയതികളിലാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. 19 ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച രാജ്കുമാറിനെ ഒപി ഇല്ലാത്തതിനാൽ പരിശോധിപ്പിക്കാതെ പൊലീസുകാർ തിരിച്ച് കൊണ്ടുപോയി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇത് പൊലീസിന് സംഭവിച്ച വീഴ്ചയായാണ് കാണുന്നത്. ജൂൺ 19 ന് രാജ്കുമാറിന്റെ പേര് മെഡിക്കൽ കോളേജിലെ ഒരു രജിസ്റ്ററിലുമില്ല. ഒപിയിൽ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയയ്ക്കുകയായിരുന്നു. ഇതിനിടെ, പൊലീസുകാർ മർദിച്ചെന്ന് മരിച്ച രാജ്കുമാർ പറഞ്ഞതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാര്‍ വെളിപ്പെടുത്തുന്നു.

Read Also: നെടുങ്കണ്ടം കസ്റ്റഡി മരണം: നാല് പൊലീസുകാരെ കൂടി സസ്‍പെന്‍ഡ് ചെയ്തു

ആശുപത്രിയിലേക്ക് കൊണ്ടുപോകും മുൻപ് സബ് ജയിലിൽ വച്ച് രാജ്കുമാർ മരിച്ചതായി  സഹതടവുകാരൻ കുമളി ചെങ്കര സ്വദേശി സുനിൽ സുകുമാരൻ പറയുന്നു. ഇതും കസ്റ്റഡി മരണ ആരോപണങ്ങൾക്ക് ബലമേകുന്നു.  ജയിലിലും മർദനമേറ്റതായും മരിച്ച ദിവസം രാവിലെ ഒരു ഉദ്യോഗസ്ഥൻ കുമാറിന് ഗുളിക കൊടുത്തതായും സുനിൽ വെളിപ്പെടുത്തി. മരിക്കുന്നതിന്റെ തലേദിവസം രാത്രി ഏഴിന് നെഞ്ചുവേദന ഉള്ളതായി കരഞ്ഞുപറഞ്ഞിട്ടും രാജ്കുമാറിനെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും സുനിൽ പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്കുമാറിന്റെ വീട് സന്ദർശിച്ചു. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.