കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിനു പൊലീസ് കസ്റ്റഡിയിലെടുത്ത ആള് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ആണ് മരിച്ചത്. കോട്ടയം മണര്‍കാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കോടതിയില്‍ കൊണ്ടുപോകുന്നതിനു തൊട്ടുമുന്‍പാണ് ആത്മഹത്യ. പൊലീസിനു വീഴ്ചയുണ്ടായോ എന്നു സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും. രാവിലെ ഒൻപത് മണിക്കാണ് സംഭവം നടന്നത്.
Read More: വരാപ്പുഴ കസ്റ്റഡി മരണം: ‘വലിയ സഖാവ് ആര്?; രമേശ് ചെന്നിത്തല
തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസിനെതിരെ ഇയാളുടെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് എത്തി നവാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് സ്റ്റേഷനിലെത്തിച്ചത്.
സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മജിസ്ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡി മരണങ്ങള് സംഭവിക്കാന്‍ പാടില്ലെന്നതാണു പൊലീസ് നയമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും ബെഹ്റ അറിയിച്ചു.