തൃശൂര്‍: കഞ്ചാവുമായി എക്‌സൈസ് പിടികൂടിയ യുവാവ് മരിച്ച നിലയില്‍. എക്‌സൈസ് കസ്റ്റഡിയിലുള്ള പ്രതി മലപ്പുറം സ്വദേശി രഞ്ജിത്താണ് മരിച്ചത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരിച്ച നിലയിലായിരുന്നു എന്നാണ് വിവരം.
തൃശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ നിന്നാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരമനുസരിച്ചാണ് ഇയാളെ പിടിക്കാന്‍ സാധിച്ചത്. രണ്ട് കിലോ കഞ്ചാവ് ഇയാളില്‍ നിന്ന് കണ്ടെത്തി. പിന്നീട് വൈകീട്ട് അഞ്ച് മണിയോടെ പാവറട്ടിയിലെ സാന്‍ ജോസ് ആശുപത്രിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളെ എത്തിച്ചു.
ആശുപത്രിയിലെത്തിക്കും മുന്‍പേ രഞ്ജിത്ത് മരണപ്പെട്ടിരുന്നു എന്നും ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ വച്ച് രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്നും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാള്‍ മരണപ്പെട്ടുവെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.