തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ മൂന്നാംമുറ ഒരു തരത്തിലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഏത് സംഭവം ഉണ്ടായാലും അതിനെ കർക്കശമായി നേരിടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

‘വരാപ്പുഴയിൽ ഉണ്ടായ കസ്റ്റഡി മരണം ദൗർഭാഗ്യകരമായ സംഭവമാണ്. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം പൊലീസിനാണ്. കേസുമായി ബന്ധപ്പെട്ട് സിഐ അടക്കം അഞ്ച് പേർക്കെതിരെ വകുപ്പുതല നടപടി എടുത്തിട്ടുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ ആക്ടിങ് ചെയർമാനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. മനുഷ്യാവകാശ കമ്മിഷൻ കമ്മിഷന്റെ പണി ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

‘മനുഷ്യാവകാശ കമ്മീഷന്റെ ചുമതല വഹിക്കുന്നയാള്‍ ആ ചുമതലയാണ് വഹിക്കുന്നതെന്ന ഓര്‍മ്മ ഉണ്ടായിരിക്കണം. അദ്ദേഹത്തിന് നേരത്തേ ഉണ്ടായിരുന്ന രാഷ്ട്രീയ നിലപാടാണ് പല തരത്തിലുളള പ്രതികരണങ്ങള്‍ക്കും കാരണമാകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവളത്ത് മരിച്ച വിദേശ വനിത ലിഗയുടെ കുടുംബത്തെ കാണാന്‍ അനുമതി നല്‍കിയില്ലെന്ന ആരോപണവും അദ്ദേഹം തളളി. അന്വേഷണത്തിന് പൊലീസിന് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ