കൊച്ചി: ജര്‍മനിയിലെ ലിന്‍ഡോയില്‍ നടക്കുന്ന ‘ലിന്‍ഡോ നൊബേല്‍ മീറ്റി’ലേക്ക് മലയാളി വിദ്യാർത്ഥി. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അവസാന വര്‍ഷ ഭൗതിക ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി ശരത് പ്രേമിനാണ് ക്ഷണം ലഭിച്ചത്. ലോകത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അറുന്നൂറോളം വിദ്യാര്‍ത്ഥികളിലാണ് മീറ്റില്‍ പങ്കെടുക്കുന്നത്.

ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് മികച്ച വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. ഈ വര്‍ഷത്തെ പഠന മികവിന്റെ അടിസ്ഥാനത്തിലാണ് ശരത് പ്രേമിന് അവസരം ലഭിക്കുന്നത്. ശരത് പ്രേം കൊല്ലം സ്വദേശിയും, കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ റിട്ട. പ്രൊഫ. ഡോ. പ്രേംലെറ്റിന്റെയും ഡോ. കവിത എം കെയുടെയും മകനുമാണ്.

ലിന്‍ഡോ നൊബേല്‍ മീറ്റ് ആരംഭിക്കുന്നത് 1951 മുതലാണ്. 2001 മുതല്‍ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ലിന്‍ഡോ മീറ്റില്‍ പങ്കാളിയാകുന്നുണ്ട്. ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങളിലാണ് കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍ എന്നിവ നടക്കുക. ഭൗതികശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം തുടങ്ങിയവയാണ് ലിന്‍ഡോ മീറ്റിലെ ചര്‍ച്ചാ വിഷയങ്ങള്‍. ജര്‍മ്മനിയിലെ ബവാരിയിലാണ് ലിന്‍ഡോ നഗരം സ്ഥിതി ചെയ്യുന്നത്.

ഇത്തവണ ഭൗതികശാസ്ത്രത്തിലെ പ്രപഞ്ച വിജ്ഞാനീയത്തിനും ഗുരുത്വ തരംഗങ്ങള്‍ക്കും ലേസര്‍ ഭൗതികത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. 41 നോബേല്‍ ജേതാക്കള്‍ കൂടാതെ 88 രാജ്യങ്ങളില്‍ നിന്നായി 580 പേരാണ് ഈ വര്‍ഷം ജൂണ്‍ 30 തൊട്ട് ജൂലൈ 5 വരെ നടക്കുന്ന ലിന്‍ഡോ മീറ്റില്‍ പങ്കെടുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.