കൊച്ചി: ലെഡ് വിമുക്ത, അപൂർവ്വ ഭൗമ മൂലകങ്ങളെ (റെയർ എർത്ത് മാംഗനൈറ്റുകൾ) ഉപയോഗിച്ചുള്ള താപവൈദ്യുത വസ്തുവും വൈദ്യുതി ഉല്പാദന സംവിധാനവും വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വ കലാശാല ഫിസിക്സ് വകുപ്പിലെ പിഎച്ച്ഡി സ്കോളർ ശ്രീറാം പി.ആർ. ഫാക്ടറികളിലെ ചിമ്മിനികൾ, വാഹന പുകക്കുഴലുകൾ തുടങ്ങിയവയിലൂടെ പാഴാവുന്ന താപോർജ്ജത്തിൽനിന്നും വൈദ്യുതോല്പാദനം സാധ്യമാക്കുന്ന അന്തരീക്ഷ ഊഷ്മാവിൽ പ്രവർത്തിക്കുന്ന സംവിധാനവും കുറഞ്ഞ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ശീതീകരണിയും വികസിപ്പിച്ചിട്ടുണ്ട്.

താപോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണത്തെ അടിസ്ഥാനമാക്കിയുള്ള കൂളിങ് ഉപകരണത്തിനും പരമ്പരാഗത രീതികളെ അപേക്ഷിച്ച് സവിശേഷതകൾ ഏറെയാണ്. കമ്പ്രസ്സറുകളെയും കൂളിങ് ഗ്യാസിനെയും ആശ്രയിച്ചാണ് നിലവിൽ ശീതീകരണികൾ പ്രവർത്തിക്കുന്നത്. കുറഞ്ഞ സ്ഥലസൗകര്യം മതി എന്നതും കൂളിങ് ഗ്യാസ് ഇല്ലാതെതന്നെ അതിവേഗം തണുപ്പിക്കാനാവും എന്നതും പുതിയ കണ്ടെത്തലിന്റെ നേട്ടമാണ്.

ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ ധാരാളമായി ലഭിക്കുന്നു എന്നത് ഇതിന്റെ സവിശേഷതയാണ്. ലെഡ് -ടെലൂറൈഡ്, ബിസ്മത് – ടെലൂറൈഡ് തുടങ്ങിയവ അടിസ്ഥാനമായുള്ള അർദ്ധചാലക വസ്തുക്കളെ ആശ്രയിക്കുന്ന, താപവൈദ്യുതി സിദ്ധാന്തത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിലവിലെ താപവൈദ്യുതി സാങ്കേതികവിദ്യ. ഹരിത സാങ്കേതികവിദ്യയിലൂന്നിയ ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെടുന്ന കണ്ടെത്തലാണ് ശ്രീറാമിന്റേതെന്ന് കരുതപ്പെടുന്നതായി ശ്രീറാമിന്റെ ഗവേഷണ ഗൈഡുമായ പ്രൊഫ. എം.ആർ. അനന്തരാമൻ പറഞ്ഞു.

ഈ സംവിധാനം ഉപയോഗിച്ചു നിർമ്മിച്ച റഫ്രിജറേറ്റർ ശ്രീറാം പ്രദർശിപ്പിച്ചു. കൂടാതെ വാഹനങ്ങളിൽ തണുപ്പിക്കുന്നതിനും അതിസൂക്ഷ്മ ഉപകരണങ്ങളിലോ ചെറിയ കൂളറുകളിലോ ഹീറ്റ് സിങ്കായും ഉപയോഗപ്പെടുത്താം. വ്യത്യസ്ഥ താപനിലകൾക്കനുസൃതമായി ഈ പദാർത്ഥത്തിന്റെ ഗുണങ്ങളിൽ ആവശ്യ മായ മാറ്റം വരുത്തുന്നതിനുള്ള വിദ്യയും സ്വായത്തമാക്കിയിട്ടുണ്ടെന്നും ഡോ. അനന്തരാമൻ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.