കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ക്യാംപസിൽ ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സിന്റിക്കേറ്റ് യോഗ തീരുമാനം. കഴിഞ്ഞ മാർച്ച് 13 ന് കോളേജിൽ നടന്ന ഹോളി ആഘോഷത്തെ തുടർന്ന് തങ്ങൾക്ക് നേരെ അതിക്രമം നടന്നെന്ന് രണ്ട് പെൺകുട്ടികൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് സിന്റിക്കേറ്റ് യോഗം ഇത്തരത്തിൽ തീരുമാനം എടുത്തത്.

പെൺകുട്ടികളുടെ പരാതി അന്വേഷിച്ച സർവ്വകലാശാല സമിതി സംഭവത്തിൽ യദു കൃഷ്ണൻ, ആനന്ദ് കൃഷ്ണൻ, അവിൻ പ്രംരാജ് എന്നീ വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തിരുന്നു.

മാർച്ച് 24 ന് ഇരുചക്ര വാഹനത്തിൽ ക്യാംപസിലൂടെ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളുടെ വഴിയിൽ തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് ഇവർ ചായം വിതറിയിരുന്നു. ചായം കലർത്തിയ വെള്ളം ഇവരുടെ നേർക്ക് ഒഴിക്കുകയും ചെയ്തു. ശാരീരികോപദ്രവം ഏൽപ്പിച്ചതായി വിദ്യാർത്ഥിനികൾ പരാതിപ്പെട്ടിരുന്നു.

വിദ്യാർത്ഥിനികളെ മാത്രം ലക്ഷ്യമിട്ടായിരുന്നു ആഘോഷം സംഘടിപ്പിച്ചതെന്നാണ് സർവ്വകലാശാല സമിതി കണ്ടെത്തിയത്. മലയാളികളല്ലാത്ത വിദ്യാർത്ഥിനികളടക്കം മുപ്പതോളം പേർ ഹോളി ആഘോഷത്തിനിടെ ഇവരുടെ ആക്രമണത്തിന് വിധേയരായെന്ന് സമിതി കണ്ടെത്തി.

എന്നാൽ മുഖം മുഴുവൻ ചായം വീരിപ്പൂശിയതിനാൽ വിദ്യാർത്ഥികളെ തിരിച്ചറിയാൻ പരാതി നൽകിയ പെൺകുട്ടികൾക്ക് സാധിച്ചിരുന്നില്ല. പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമം നടന്ന ശേഷം വിദ്യാർത്ഥിനികൾ എഴുതി നൽകിയ പരാതി പിൻവലിക്കുന്നതായി എഴുതി നൽകി.

സംഭവത്തിൽ കുസാറ്റിലെ ആൺകുട്ടികൾക്ക് സ്ത്രീകളോട് സമഭാവനയോടും അന്തസ്സോടും പെരുമാറുന്നതിന് ക്ലാസ് നൽകണമെന്ന് സർവ്വകലാശാല സമിതി കണ്ടെത്തി.

കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആഘോഷങ്ങൾ തന്നെ അവസാനിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.