അമ്പലവയൽ: വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ല. പ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധമുണ്ടെന്നും മകൾക്ക് നീതി കിട്ടണമെന്നും കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു.
തെളിവെടുപ്പിനായി ഊട്ടിയിൽ മകളെ കൊണ്ടുപോയ സമയത്തായിരുന്നു അതിക്രമം നടന്നത്. ഗ്രേഡ് എഎസ്ഐ ടി.ജി.ബാബു വാഹനത്തിൽവച്ച് മകളെ കയറി പിടിച്ചു. പുറത്താരോടും പറയരുതെന്ന് അയാൾ മകളോട് പറഞ്ഞു. തെളിവെടുപ്പിന് കൂടെയുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരോട് മകൾ ഇതെല്ലാം പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു.
വയനാട്ടിലെ ഷെൽട്ടർ ഹോമിലായിരുന്നു മകൾ. അവളെ കാണാൻ പോയപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. പൊലീസിനെ വിശ്വസിച്ചാണ് മകളെ തെളിവെടുപ്പിന് അവര്‍ക്കൊപ്പം അയച്ചത്. തെളിവെടുപ്പിന്റെ പേരിൽ കുട്ടിയെ ഊട്ടിയിൽ കൊണ്ടുപോയി ക്രൂരത കാണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം. ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവർഗ വിഭാത്തിൽപ്പട്ട പെൺകുട്ടിയെ എഎസ്ഐ ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടിയെ പീഡനത്തിനിരയായ ഊട്ടിയിലെ ലോഡ്ജിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. അതുകഴിഞ്ഞ് മടങ്ങവേ പൊലീസ് സംഘം നഗരത്തിൽ വാഹനം നിർത്തി. ഇതിനിടെ, ഗ്രേഡ് എഎസ്ഐ ടി.ജി.ബാബു പെൺകുട്ടിയെ മാറ്റി നിർത്തി കയ്യിൽ കയറി പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഷെൽട്ടർ ഹോമിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്.
കേസിൽ എഎസ്ഐ ടി.ജി.ബാബുവിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. പോക്സോയ്ക്ക് പുറമെ പട്ടികജാതി – പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും ഉദ്യോഗസ്ഥനെതിരെ കേസടുത്തിട്ടുണ്ട്.