കോട്ടയം: കൊറോണ വൈറസ് ബാധയുടെ സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറു മുതൽ നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നു. ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.
കൊറോണ മുന്‍കരുതല്‍ നടപടികള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നതായി ജില്ലാ പോലീസ് മേധാവിയും കോട്ടയം, പാലാ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
Read More: നാട്ടിൽ പോകണം; പായിപ്പാട്ട് ലോക്ക്ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികൾ
ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലു പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് നിരോധമുണ്ട്. അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അവശ്യ സര്‍വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
ഞായറാഴ്ച കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിച്ച് ലോക്ക് ഡൗൺ നിലനിൽക്കുമ്പോൾ ആയ്യായിരത്തോളം ആളുകൾ നടുറോഡിൽ ഒത്തുകൂടി പ്രതിഷേധിച്ചത് എറെ ആശങ്ക സൃഷ്ടിച്ചിരുന്നു. അധികാരികളുടെ ഇടപെടലിനെ തുടർന്ന് പിന്നീട് ഇവർ പിരിഞ്ഞ് പോകുകയായിരുന്നു.
ഇതിനു പിന്നിൽ ആസൂത്രിതമായ നീക്കം നടന്നതായാണ് സർക്കാർ വിലയിരുത്തൽ. ഇതിനെതിരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രംഗത്തെത്തിയിരുന്നു. അതിഥി തൊഴിലാളികളെ ആശങ്കപ്പെടുത്തി ചിലർ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചില്ലറ നേട്ടങ്ങൾക്കുവേണ്ടി നാടിനെ ആക്രമിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.