scorecardresearch
Latest News

‘കപ്പ് ഓഫ് ലൈഫ്’: ഒരു ലക്ഷം മെൻസ്ട്രൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യാൻ ഹൈബി ഈഡൻ

മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ നിയോജക മണ്ഡലത്തിൽ ‘കപ്പ് ഓഫ് ലൈഫ്’ എന്ന ക്യാംപെയിന് തുടക്കം കുറിച്ചിരിക്കുകയാണ് എറണാകുളം എംപി ഹൈബി ഈഡൻ

cup of life, Hibi Eden, ie malayalam

ആർത്തവ ദിനങ്ങളിൽ സാനിറ്ററി പാഡുകൾ ഇടയ്ക്കിടെ മാറ്റേണ്ടതിന്റെയും നീക്കം ചെയ്യുന്നതിന്റെയും ബുദ്ധിമുട്ട് ഒഴിവാക്കുന്നതിലൂടെ മെൻസ്ട്രൽ കപ്പുകൾ സ്ത്രീകൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്. ആർത്തവ ദിനങ്ങളാണെന്നു പോലും ഓർക്കാറില്ലെന്നാണ് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവരുടെ അഭിപ്രായം. മെൻസ്ട്രൽ കപ്പുകൾ പരിസ്ഥിതി സൗഹൃദമാണ്, കാരണം ശരിയായി സംസ്കരിക്കാത്ത സാനിറ്ററി നാപ്കിനുകൾ ഭൂമിയിൽ വിഷ മാലിന്യത്തിന് ഗണ്യമായ സംഭാവന നൽകുന്നു.

മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ നിയോജക മണ്ഡലത്തിൽ ‘കപ്പ് ഓഫ് ലൈഫ്’ എന്ന ക്യാംപെയിന് തുടക്കം കുറിച്ചിരിക്കുകയാണ് എറണാകുളം എംപി ഹൈബി ഈഡൻ. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് സൗജന്യമായി മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം.

‘കപ്പ് ഓഫ് ലൈഫ്’ ക്യാംപെയിൻ

ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 30ന് ജില്ലയിലെ 100 കേന്ദ്രങ്ങളിലൂടെ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യും. കപ്പ് ഓഫ് ലൈഫിന്റെ ലോഗോ ബുധനാഴ്ച കൊച്ചിയിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ (ഐഎംഎ) നടൻ ജയസൂര്യ പ്രകാശനം ചെയ്തു. മുത്തൂറ്റ് ഫിനാൻസിന്റെ പിന്തുണയോടെയും ഐഎംഎ കൊച്ചിൻ, എറണാകുളം ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയുമാണ് സംരംഭം നടപ്പിലാക്കുന്നത്.

സ്ത്രീകൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള വിലക്കുകൾ ഇല്ലാതാക്കുന്നതിനുമാണ് ക്യാംപെയിൻ ലക്ഷ്യമിടുന്നതെന്ന് ഹൈബി ഈഡൻ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. “നേരത്തെ, ‘ബ്രേക്കിംഗ് ബാരിയേഴ്‌സ്’ എന്ന പദ്ധതിക്ക് കീഴിൽ, സ്‌കൂളുകളിൽ സാനിറ്ററി നാപ്കിനുകളും ഇൻസിനറേറ്ററുകളും അവതരിപ്പിച്ചിരുന്നു. എന്നാൽ പാഡുകൾ ടോയ്‌ലറ്റിൽ നിക്ഷേപിച്ചതിലൂടെ അവ അടഞ്ഞുപോയ പ്രശ്‌നം ഉയർത്തി. മെൻസ്ട്രൽ കപ്പുകൾ ഒരു ബദലായി മാറി. ‘കപ്പ് ഓഫ് ലൈഫ്’ ക്യാംപെയിന് മുമ്പ് വാർഡ് 17-ൽ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു. രണ്ട് മാസത്തെ പ്രചാരണത്തിന് ശേഷം കുമ്പളങ്ങിയിലെ 4,000 സ്ത്രീകൾക്ക് കപ്പിന്റെ പ്രയോജനം ലഭിച്ചു,” അദ്ദേഹം പറഞ്ഞു.

തങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും നിരവധി കോളേജുകൾ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ക്യാംപെയിനിലെ ഒരു വോളന്റിയർ പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യ സംരംഭത്തിലൂടെ, “വിപ്ലവം കൊണ്ടുവരാനും ആർത്തവത്തെക്കുറിച്ച് ആളുകൾ തുറന്ന് സംസാരിക്കുന്നത് കേൾക്കാനും ആഗ്രഹിക്കുന്നുവെന്ന്” ഐഎംഎ പ്രസിഡന്റ് ഡോ.മരിയ വർഗീസ് പറഞ്ഞു.

“സാനിറ്ററി പാഡുകളിൽ നിന്നും ഡയപ്പറുകളിൽ നിന്നും ഉണ്ടാകുന്ന മാലിന്യം വളരെ വലുതാണ്. അവ ഉപേക്ഷിക്കാൻ സംവിധാനമില്ല എന്നതാണ് പ്രധാന പ്രശ്നം. ഇന്ത്യയിൽ പ്രതിവർഷം 12 ബില്യൺ പാഡുകൾ ഉപയോഗിച്ചശേഷം കളയുന്നു,” മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതിന്റെ പാരിസ്ഥിതിക നേട്ടങ്ങളെക്കുറിച്ച് പ്രോജക്ട് കോർഡിനേറ്റർ ഡോ.അഖിൽ മാനുവൽ വിശദീകരിച്ചു.

പരിസ്ഥിതി ആഘാതം

2021-ൽ നടത്തിയ ഒരു പഠനമനുസരിച്ച്, ഇന്ത്യയിലെ മാലിന്യക്കൂമ്പാരങ്ങളിൽ പ്രതിവർഷം 12.3 ബില്യൺ സാനിറ്ററി നാപ്കിനുകൾ ലഭിക്കുന്നു, അതായത് 113,000 ടൺ മാലിന്യം. ശരിയായ രീതിയിൽ സംസ്കരിക്കാത്തതും വേർതിരിക്കാത്തതുമായ ആർത്തവ മാലിന്യങ്ങൾ മാലിന്യ തൊഴിലാളികൾക്ക് ആരോഗ്യപരമായ അപകടങ്ങൾ സൃഷ്ടിക്കുന്നതായി പരിസ്ഥിതി ഗ്രൂപ്പായ ടോക്സിക്സ് ലിങ്കിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നു. ശരിയായ രീതിയിൽ സംസ്കരിക്കാത്തതും വേർതിരിക്കാത്തതുമായ ആർത്തവ മാലിന്യങ്ങൾ മാലിന്യ തൊഴിലാളികൾക്ക് ആരോഗ്യപരമായ അപകടങ്ങൾ സൃഷ്ടിക്കുന്നതായി പരിസ്ഥിതി ഗ്രൂപ്പായ ടോക്സിക്സ് ലിങ്കിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നു.

“കടൽ മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുന്ന വാർത്തകൾ നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ധാരാളം സാനിറ്ററി പാഡുകൾ കടലിൽ വലിച്ചെറിയപ്പെടുന്നു. മെൻസ്ട്രൽ കപ്പ് ഭാവിയുടെ ഉൽപ്പന്നമാണ്,” ഐഎംഎ കൊച്ചിൻ വൈസ് പ്രസിഡന്റ് ഡോ.ഹനീഷ് മീരാസ പറഞ്ഞു.

മറ്റു നേട്ടങ്ങൾ

“ഒരു സ്ത്രീക്ക് എല്ലാ മാസവും 10 പാഡുകളോ അതിൽ കൂടുതലോ വേണ്ടിവരുന്നു, ഇതിനായ് കുറഞ്ഞത് 60 മുതൽ 80 രൂപ വരെ ചിലവഴിക്കേണ്ടതുണ്ട്. അവൾക്ക് ആർത്തവം വരുന്ന വർഷങ്ങളിൽ ഏകദേശം 34,000 രൂപ വേണ്ടി വരും. അതേസമയം, ഏഴ് മുതൽ 10 വർഷം വരെ നീണ്ടുനിൽക്കുന്ന ഒരു കപ്പിന്റെ വില 100 മുതൽ 300 രൂപ വരെയാണ്.” കപ്പിന്റെ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഡോ.മരിയ വർഗീസ് പറഞ്ഞു.

“മെൻസ്ട്രൽ കപ്പിലേക്ക് മാറിയത് എന്നെ പല തരത്തിൽ സഹായിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും പാഡുകൾ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. വൃത്തിയുള്ള പൊതു ശൗചാലയങ്ങൾക്കായി നോക്കാതെ കപ്പുകൾ ദിവസം മുഴുവൻ ഉപയോഗിക്കാം. കൂടാതെ, എന്റെ ശരീരത്തിന് നല്ലതല്ലാത്ത, മാലിന്യം സംഭാവന ചെയ്യുന്ന, കത്തിക്കേണ്ടി വരുമ്പോൾ മലിനീകരണത്തിന് കാരണമാകുന്ന ഒരു പ്ലാസ്റ്റിക് ഉൽപ്പന്നത്തിനായി എല്ലാ മാസവും പണം ചെലവഴിക്കാതിരിക്കുന്നത് വളരെ നല്ലതാണ്,” മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്ന ഇരുപത്തിയേഴുകാരിയായ പാത്തിമ അബ്ദുൾ ഖാദർ പറഞ്ഞു.

വിലക്കുകളും ആശങ്കകളും

“മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കാത്തതിന് എനിക്ക് നിരവധി കാരണങ്ങളുണ്ട്. മൊത്തത്തിലുള്ള ശുചിത്വവുംഅവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരെ, പ്രത്യേകിച്ച് പ്രായമായ സ്ത്രീകൾക്കിടയിൽ,” ഇരുപത്തിയഞ്ചുകാരിയായ വർഷ വിനോദ് പറഞ്ഞു.

“പുരുഷന്മാർ സ്ത്രീകളോട് അനുകമ്പ കാണിക്കുകയും അവർ അനുഭവിക്കുന്ന വേദന മനസ്സിലാക്കുകയും വേണം,” ഡോ.മാനുവൽ പറഞ്ഞു. ശരിയായ ബോധവൽക്കരണത്തിന്റെ ആവശ്യകതയും മാനുവൽ ഊന്നിപ്പറഞ്ഞു. “ഒരാൾ ഓപ്ഷനുകൾ നോക്കുകയും ശരിയായ വലുപ്പമുള്ള കപ്പ് ഉപയോഗിക്കുകയും വേണം. ആദ്യ ഉപയോഗത്തിൽ ഒരാൾക്ക് സുഖകരമല്ലായിരിക്കാം, ഇതിന് രണ്ടിൽ കൂടുതൽ സൈക്കിളുകൾ എടുത്തേക്കാം,” അദ്ദേഹം പറഞ്ഞു.

പുരുഷന്മാരെ ‘വേദന അനുഭവിപ്പിക്കുക’

ആർത്തവ വേദനകൾ കൈകാര്യം ചെയ്യുന്നത് പല സ്ത്രീകൾക്കും വേദനാജനകമായ അനുഭവമാണ്. വേദനയുടെ തീവ്രതയെക്കുറിച്ച് പുരുഷന്മാർക്ക് വ്യക്തതയില്ലെങ്കിലും, ‘കപ്പ് ഓഫ് ലൈഫ്’ കോർഡിനേറ്റർമാർ അത് അനുഭവിക്കാൻ അവരെ സഹായിച്ചു.

അടുത്തിടെ കൊച്ചിയിൽ നടന്ന ആർട്ട്, ഡിസൈൻ ആൻഡ് ടെക് ഫെസ്റ്റിവലായ ഉട്ടോപ്യൻ ഡിസ്റ്റോപ്പിയയിൽ വൈദ്യുത ഉപകരണം ഉപയോഗിച്ച് പുരുഷന്മാരിൽ ആർത്തവ വേദന അനുകരിക്കപ്പെട്ടതായി ഡോ.മീരാസ പറഞ്ഞു. “നിരവധി പുരുഷന്മാർ ഇത് പരീക്ഷിക്കാൻ മുന്നോട്ട് വന്നു. പ്രതികരണങ്ങൾ രസകരമായിരുന്നു, ചിലർ തുടക്കത്തിൽ തന്നെ ഓടിപ്പോയി.

ഈഡനും ആർത്തവ വേദന പരീക്ഷിച്ചു, അത് “ശരിക്കും, ശരിക്കും വിചിത്രമാണ്” എന്ന് അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cup of life kerala mp to distribute one lakh menstrual cups for free