scorecardresearch

അടിയന്തിരാവസ്ഥ: സംസ്ഥാന സർക്കാർ നിലപാട് നിരാശജനകം, പുനഃ പരിശോധിക്കണം സാംസ്കാരികപ്രവർത്തകർ

അടിയന്തിരാവസ്ഥ തടവുകാർക്ക് സ്വാതന്ത്ര്യസമര പെൻഷൻ നൽകണമെന്നും പീഡനകേന്ദ്രങ്ങൾ ദേശീയ സ്മാരകമാക്കണെന്നുമുളള ആവശ്യം സർക്കാർ തളളി

അടിയന്തിരാവസ്ഥ തടവുകാർക്ക് സ്വാതന്ത്ര്യസമര പെൻഷൻ നൽകണമെന്നും പീഡനകേന്ദ്രങ്ങൾ ദേശീയ സ്മാരകമാക്കണെന്നുമുളള ആവശ്യം സർക്കാർ തളളി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kakkayam camp, rajan, emergency

തിരുവനന്തപുരം: അടിയന്തിരാവസ്ഥാ തടവുകാർക്ക് പെൻഷൻ നൽകണമെന്നും അടിയന്തിരാവസ്ഥാ പീഡന കേന്ദ്രങ്ങൾ ദേശീയ സ്മാരകങ്ങളാക്കണമെന്നുമുളള ആവശ്യങ്ങൾ നിഷേധിച്ച സർക്കാർ നടപടിയക്കെതിരെ സാംസ്കാരിക പ്രവർത്തകർ. ഫാസിസത്തിന്റെ നിർണായക ചരിത്രഘട്ടത്തിൽ ചരിത്രവൽകരിക്കുക എന്ന ലക്ഷ്യത്തെ നിരാകരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നടപടിക്കെതിരെയാണ് സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം. നേരത്തെ ഈ ആവശ്യമുന്നയിച്ച് കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരായ സാംസ്കാരിക പ്രവർത്തകർ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സർക്കാർ ഈ ആവശ്യം നിഷേധിച്ചതായി വാർത്ത വന്നിരുന്നു അതിനോടുളള പ്രതികരണമായാണ് സർക്കാരിന്റെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന സാംസ്കാരിക പ്രവർത്തകരുടെ പ്രസ്താവന.

Advertisment

"അടിയന്തിരാവസ്ഥാ തടവുകാരെ സ്വാതന്ത്ര്യ പോരാളികളായി കണ്ട് അവർക്ക് പെൻഷൻ അനുവദിയ്ക്കുക, ,അടിയന്തിരാവസ്ഥയിലെ പീഡന കേന്ദ്രങ്ങളെ ദേശീയ സ്മാരകങ്ങളാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി അടിയന്തരാവസ്ഥാ തടവുകാരുടെ കൂട്ടായ്മയും ഞങ്ങളെ പോലുള്ളവരും ഉന്നയിച്ച ആവശ്യങ്ങൾ സംസ്ഥാന സർക്കാർ പരിഗണിച്ചില്ല എന്നത് മാധ്യമങ്ങൾ വഴി അറിയാനിടയായി. അടിയന്തിരാവസ്ഥയും അത് ജനങ്ങൾക്കു മേൽ വീഴ്ത്തിയ ഫാസിസ്റ്റ് കരിനിഴലും എന്നത്തേയും പോലെ മുദ്രാവാക്യങ്ങളുടെ നിഴലിൽ മാത്രം കഴിയണം എന്ന അടിസ്ഥാനത്തിലാണോ കേരള സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത് എന്നറിവില്ല - ചരിത്രവല്ക്കരിക്കുക, കൂടുതൽ, കൂടുതൽ ചരിത്രവല്ക്കരിക്കുക എന്ന നൈതിക ബോധത്തിന് ഇടതു സർക്കാർ പരിഗണന നൽകുന്നില്ലെന്നത് നിരാശയുളവാക്കുന്നു."

Read More:പാട്ടിനും നൃത്തത്തിനും മായ്‌ക്കാനാവാത്ത നിലവിളികളുമായി ശാസ്തമംഗലം ക്യാംപ്

"എന്നാൽ ഈ നിരാശയ്ക്കപ്പുറവും ആ ആവശ്യത്തിന്റെ മൂല്യം പരക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ഫാസിസം എന്ന പദവും അതിന്റെ പ്രയോഗവും അത്ര അപരിചിതമല്ലാത്ത സമകാലീനതയിൽ . അതിനാൽ സർക്കാർ തീരുമാനം പുന:പരിശോധിക്കണം എന്ന ആവശ്യം ഞങ്ങൾ മുന്നോട്ടു വയ്ക്കുകയാണ്. പേന കൊണ്ട് നിസ്സാരമായി തിരുത്താവുന്നതല്ല ചരിത്രത്തിന്റെ അവശേഷിപ്പുകൾ എന്ന് ഞങ്ങൾ വിനീതമായി ഓർമ്മപ്പെടുത്തുന്നു. ഫാസിസ്റ്റ് വിരുദ്ധത കൊണ്ടാടപ്പെടേണ്ടത് ആഴത്തിലെ ഇടപെടലുകൾ കൊണ്ടാണെന്നും അവർ പറഞ്ഞു."

Advertisment

സച്ചിദാനന്ദൻ, സക്കറിയ, ബി. രാജീവൻ, ടി എൻ ജോയി, റിയാസ് കോമു, സുനിൽ പി ഇളയിടം, സാവിത്രി രാജീവൻ, പി എൻ ഗോപീകൃഷ്ണൻ, സി.എസ് വെങ്കിടേശ്വരൻ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിട്ടുളളത്.

kakkayam camp, rajan, emergency, torture chamber കക്കയം ക്യാമ്പ് - 2013ൽ ദിനേശ് പഞ്ചേരിയുടെ ഫെയ്‌സ് ബുക്കിൽ നിന്നുളള ചിത്രം

സാംസ്കാരിക പ്രവർത്തകർ മാർച്ച് 21 ന് ഇറക്കിയ പ്രസ്താവനയിലാണ് നേരത്തെ ഈ​ ആവശ്യങ്ങൾ അവസാനമായി ഉന്നയിച്ചത്.

"ഒരു പക്ഷേ അടിയന്തരാവസ്ഥയിലൂടെ നിർമ്മിക്കപ്പെട്ടതോ കരുത്താർജ്ജിച്ചതോ ആയ കക്ഷികളോ അവയുടെ തുടർച്ചകളോ ആണ് ഇന്ത്യയിലെ പല തലങ്ങളിലുള്ള ഭരണനിർവഹണം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ചെറുത്തുനില്പിന്റെ ചരിത്രം ഓരോ വാർഷികത്തിലും ഈ കക്ഷികളിൽ പലരും ആവേശത്തോടെ അവകാശപ്പെടാറുമുണ്ട്. കാരണം അടിയന്തരാവസ്ഥയുടെ ചാരത്തിൽ നിന്ന് അവർക്ക് കിട്ടേണ്ടത് കിട്ടി. അധികാരത്തിലേക്ക് അവരെ അത് കൊണ്ടു ചെന്നെത്തിച്ചു."

Read More: ഓർമ്മകൾ കുന്നുകയറുന്നു, ശാസ്തമംഗലം ക്യാംപിനെ കുറിച്ച് ഹരി പണിക്കർ

"എന്നാൽ ഈ ‘സ്വസ്ഥത‘യ്ക്കിടയിൽ അടിയന്തരാവസ്ഥയെ ചിന്ത കൊണ്ടും ശരീരം കൊണ്ടും എതിർത്തവർ തങ്ങൾ മാത്രമല്ല എന്ന രാഷ്ട്രീയ വിവേകം, ഓർമ്മ, പലപ്പോഴും മറക്കപ്പെടുന്നു, മറയ്ക്കപ്പെടുന്നു. ആ മനുഷ്യരുടെ ചരിത്രം എങ്ങനെയാണ് ഒരു ദേശചരിത്രത്തിൽ എഴുതപ്പെടുക? ദേശത്തിന് നിരുപാധികമായി അങ്ങോട്ടു നൽകുന്നതു മാത്രമാണോ ദേശാനുഭവം? ദേശം ഇങ്ങോട്ട് കൊടുക്കുന്നത് കൂടിയല്ലേ? ഫാസിസത്തിന്റെ കാലത്ത് അടിയന്തരാവസ്ഥാ ചരിത്രത്തെ പുനർനിർവ്വചിക്കേണ്ടതില്ലേ? അതിനെ സ്വാതന്ത്ര്യ സമരമായിത്തന്നെ രേഖപ്പെടുത്തേണ്ടതില്ലേ?"

അടിയന്തരാവസ്ഥാ തടവുകാരോട് കടം വെച്ചിട്ടുള്ള സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റണമെന്ന് ഞങ്ങൾ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു; അന്നത്തെ പീഡനകേന്ദ്രങ്ങൾ ദേശീയ സ്മാരകങ്ങളായി രേഖപ്പെടുത്തണമെന്നും അവർ  ആ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.

Emergency Left Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: