/indian-express-malayalam/media/media_files/uploads/2017/05/cs-karnan.jpg)
കൊച്ചി: കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിഎസ് കര്ണന് കേരളത്തിലും ഒളിവില്‍ കഴിഞ്ഞതായി വിവരം. കൊച്ചി പനങ്ങാട്ടുളള ലേക്ക് സിംഫണി റിസോര്‍ട്ടിലാണ് അദ്ദേഹം ഒളിവില്‍ കഴിഞ്ഞതെന്നാണ് വിവരം. ഈ മാസം 11 മുതല്‍ 13 വരെയായിരുന്നു അദ്ദേഹം റിസോര്‍ട്ടില്‍ തങ്ങിയത്. മറ്റ് രണ്ട് സഹായികളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. അദ്ദേഹത്തിന്റെ മലയാളിയായ അഭിഭാഷകന് മാത്യൂസ് ജെ നടുമ്പാറയുടെ സഹായത്തോടെയാണ് അദ്ദേഹം കൊച്ചിയില്‍ കഴിഞ്ഞതെന്നും വിവരമുണ്ട്.
സുപ്രീം കോടതിയില്‍ നിന്ന് കോടതി അലക്ഷ്യ കുറ്റം നേരിട്ട് ഒളിവില്‍ കഴിയുകയായിരുന്ന കര്‍ണനെ കോയമ്പത്തൂരില്‍വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയലക്ഷ്യക്കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്.
വിവാദ നീക്കങ്ങളുടെ ഭാഗമായി ആറ് മാസം തടവ് ശിക്ഷ ലഭിച്ച ജസ്റ്റിസ് കര്ണന് കഴിഞ്ഞ മാസം ഒമ്പതിന് ചെന്നൈയില്‍ എത്തിയിരുന്നു. അതിന് ശേഷം വിരമിച്ച കര്‍ണനെ കുറിച്ച് ഒന്നര മാസത്തോളമായി വിവരമൊന്നും ഉണ്ടായിരുന്നില്ല.
പശ്ചിമ ബംഗാള്‍ പോലീസിലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്യാനായി പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ കര്ണന് ചെന്നൈയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ മൂന്ന് ദിവസം കര്ണന് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വദേശമായ കൂഡല്ലൂരിലെ വൃധാചലത്തും കര്‍ണനായി തിരച്ചില്‍ നടത്തിയിരുന്നു. സ്ഥിതി ഇതായിരിക്കെ, ഔദ്യോഗിക യാത്രയയപ്പോ മറ്റ് ചടങ്ങുകളോ ഇല്ലാതെയാണ് ജസ്റ്റിസ് കര്ണന് വിരമിച്ചിരുന്നത്.
കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ജസ്റ്റീസ് സി.എസ്. കർണന് ആറു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാർ അധ്യക്ഷനായ ബെഞ്ചാണ് കർണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഫെബ്രുവരി എട്ടുമുതൽ ജസ്റ്റീസ് കർണനെ നിയമനിർവഹണ- ഭരണ ചുമതലകളിൽനിന്നു ചീഫ് ജസ്റ്റീസ് മാറ്റിനിർത്തുകയും ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.