കൊച്ചി: തീരദേശനിയമ ലംഘനങ്ങള്‍ പുറത്തുകൊണ്ടുവരാനും തീരദേശവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച ജനകീയ കമ്മിഷന്‍ തെളിവെടുപ്പ് ആരംഭിച്ചു. എറണാകുളം റസ്റ്റ് ഹൗസില്‍ നടത്തിയ ആദ്യ സിറ്റിങ്ങില്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് അമ്പതോളം പേര്‍ പങ്കെടുത്തു.

പ്രൊഫ. എം.കെ.പ്രസാദിന്റെ അധ്യക്ഷതയില്‍ നടന്ന തെളിവെടുപ്പില്‍ പരിസ്ഥിതി, മത്സ്യത്തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍, സാമൂഹ്യ സംഘടനാ ഭാരവാഹികള്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, അഭിഭാഷകര്‍, ഗവേഷകര്‍ എന്നിവര്‍ പങ്കെടുത്ത് നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുകയും നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

1991ല്‍ തീരദേശ വിജ്ഞാപനം നടപ്പാക്കിയതു മുതല്‍ എറണാകുളം ജില്ലയില്‍ നടന്ന നിയമലംഘനങ്ങള്‍ പലരും തെളിവെടുപ്പില്‍ ചൂണ്ടിക്കാട്ടി. 2019 ല്‍ പുതുക്കിയ വിജ്ഞാപനം തീരവാസികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും വന്‍കിട കയ്യേറ്റക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും കൂടുതല്‍ അവകാശം നല്‍കുകന്നതാണെന്നും അവര്‍ ആശങ്കപ്പെട്ടു.

തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണു പ്രൊഫ. എം.കെ.പ്രസാദ് ചെയര്‍മാനും ചാള്‍സ് ജോര്‍ജ് കണ്‍വീനറുമായി ജനകീയ കമ്മിഷന്‍ രൂപീകരിച്ചത്. ഡോ. കെ.വി. തോമസ്, ഡോ. എന്‍.കെ. ശശിധരന്‍ പിള്ള, അഡ്വ: അഷ്‌കര്‍ ഖാദര്‍, ടി. രഘുവരന്‍, അഡ്വ: ഷെറി ജെ.തോമസ് എന്നിവരാണു കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.

തീരദേശ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കാനും തീരദേശവാസികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തീരസംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികള്‍ നിര്‍ദേശിക്കുകയുമാണു കമ്മിഷന്റെ വിശാലമായ ലക്ഷ്യം.

സംസ്ഥാനത്തെ വിവിധ മേഖലയിലുള്ളവരുടെ നിര്‍ദേശങ്ങള്‍ സമാഹരിച്ച് കമ്മിഷന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സമിതികള്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.