കൊച്ചി: ബെവ്‌കോ ഔട്ട്ലെറ്റിനു മുന്നിലെ ക്യൂ സംബന്ധിച്ച ഹർജിയിൽ ബിവറേജസ് കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മദ്യവിൽപ്പനയിലെ ലാഭം മാത്രമാണ് സർക്കാരിന്റെ ഉദ്ദേശ്യമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആരോഗ്യമാണ് കോടതിയുടെ വിഷയമെന്നും ബിവറേജസ് കോർപ്പറേഷന്റെ കഴിവില്ലായ്മ കോടതിയുടെ വിഷയമല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശിച്ചു.
തൃശൂരിൽ ബെവ്കോ ഔട്ട്ലെറ്റിനു മുന്നിലെ നീണ്ട ക്യൂ കച്ചവടത്തിന് തടസമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതിയുടെ വിമർശനം. സംസ്ഥാനത്ത് കോവിഡ് നിരക്ക് കുറയുന്നില്ലെന്നും അപ്പോഴാണ് മദ്യഷോപ്പുകൾക്ക് മുന്നിലെ നീണ്ട നിരയെന്നും കോടതി പറഞ്ഞു. ക്യൂവിൽ നിൽക്കുന്നവർക്ക് കൊറോണ ഉണ്ടോ ഇല്ലയോ എന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു.
ഒരു പരിഷ്കൃത സമൂഹത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടക്കുന്നത്. മദ്യവിൽപ്പനയിൽ ബെവ്കോയ്ക്ക് എതിരാളികളില്ല. മത്സരമില്ലാത്ത സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വേണ്ട സൗകര്യങ്ങൾ നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. സമയ നഷ്ടവും, മാന നഷ്ടവുമാണ് സംഭവിക്കുന്നത്. മദ്യം കഴിക്കുന്നത് കുറ്റകരമാണെന്ന അഭിപ്രായം കോടതിക്കില്ല. സംവിധാനത്തിന്റെ തകരാറാണ് സംഭവിക്കുന്നത്.
ആളുകളുടെ അന്തസ് ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് ബെവ്‌കോ നടത്തുന്നത്. നാലു വർഷമായിട്ടും മാറ്റമുണ്ടായിട്ടില്ലെന്നും കോടതി പറഞ്ഞു. എന്നാൽ 83 പ്രീമിയം കൗണ്ടറുകൾ ആരംഭിച്ചുവെന്ന് ബെവ്‌കോ അറിയിച്ചു. കേസിൽ എക്സൈസ് കമ്മീഷണർ എസ്.അനന്തൃഷ്ണൻ , ത്യശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ബെവ്‌കോ മാനേജിങ് ഡയറക്ടർ യോഗേഷ് ഗുപ്ത എന്നിവർ ഹാജരായി.
Also Read: ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക്: ഉത്തരവാദികൾക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി
എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് കോടതി ബെവ്കോയ്ക്ക് നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി ബെവ്‌കോയോട് ആവശ്യപ്പെട്ടു. കേസ് കോടതി അടുത്ത ചൊവ്വാഴ്ചക്ക് ശേഷം പരിഗണിക്കും. അതിനുള്ളിൽ മറുപടികൾ ലഭിക്കണമെന്നും കോടതി പറഞ്ഞു.