മുംബൈ: പതിനാറാമത് ക്രോസ്‌വേര്‍ഡ് ബുക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് തിളക്കമായി ശശി തരൂരിനും ബെന്യാമിന്റെ പുസ്തകത്തിനും പുരസ്‌കാരം. സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എഴുത്തുകാരനും എംപിയുമായ ശശി തരൂരിന് ലഭിച്ചു.
പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ പുസ്തകമായ ‘ജാസ്മിന്‍ ഡെയ്‌സിന്റെ’ തര്‍ജ്ജമ ചെയ്ത ഷഹ്നാസ് ഹബീബിനാണ് ഈ വിഭാഗത്തിലെ പുരസ്‌കാരം. ജൂറി പുരസ്‌കാരങ്ങളിലെ നോണ്‍ ഫിക്ഷനുള്ള അവാര്‍ഡ് സ്‌നിഗ്ധ പൂനവും ഫിക്ഷനില്‍ പ്രയാഗ് അക്ബറിന്റെ ലൈലയും പുരസ്‌കാരങ്ങള്‍ നേടി.
1998 മുതലാണ് ക്രോസവേര്‍ഡ് ബുക്ക് പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ആരംഭിച്ചത്. ജൂറി വിഭാഗങ്ങളില്‍ മൂന്ന് ലക്ഷവും ജനപ്രിയ വിഭാഗങ്ങളില്‍ ഒരു ലക്ഷവുമാണ് സമ്മാനത്തുക. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, പരിഭാഷ എന്നിവയാണ് ജൂറി വിഭാഗത്തിലുള്ളത്. ജനപ്രിയ വിഭാഗത്തില്‍ ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, ബിസിനസ് ആന്റ് മാനേജ്മെന്റ്, ബാലസാഹിത്യം, ബയോഗ്രഫി, ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസ് പുസ്തകങ്ങള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
ജനപ്രിയ വിഭാഗത്തില്‍ ഫിക്ഷനില്‍ ദര്‍ജോയ് ദത്തയുടെ ‘ദ ബോയ് ഹു ലവ്ഡ്’ ആയിരുന്നു പുരസ്‌കാരം നേടിയത്. നോണ്‍ ഫിക്ഷനില്‍ സുധാ മൂര്‍ത്തിയുടെ ‘ത്രീ തൗസന്റ് സ്റ്റിച്ചസ്’ പുരസ്‌കാരം നേടിയപ്പോള്‍ ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് റസ്‌കിന്‍ ബോണ്ടിന്റെ ‘ലുക്കിങ് ഫോര്‍ ദ റെയ്ന്‍ബോ’ നേടി.
നടി സോഹ അലി ഖാനും പുരസ്‌കാരം ലഭിച്ചു. ഓര്‍മ്മക്കുറിപ്പുകളായ ‘ദ പെരില്‍സ് ഓഫ് ബീയിങ് മോഡറേറ്റ്‌ലി ഫെയ്മസി’നായിരുന്നു സോഹയ്ക്ക് പുരസ്‌കാരം ലഭിച്ചത്.