തിരുവനന്തപുരം: നെല്‍വയലും തണ്ണീര്‍ത്തടവും നികത്തുന്നത് ജ്യാമ്യമില്ലാ വകുപ്പു പ്രകാരം ക്രിമിനല്‍ കുറ്റമാക്കുന്ന, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമ കരടുഭേദഗതി ബില്‍ അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും. മൂന്നുവര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാക്കണമെന്ന് നിയമവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നത്. ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ആലോചന.

നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒന്നുകില്‍ കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ച് രക്ഷപ്പെടാമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയില്‍ ഇതാകെ മാറുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കാം. തരിശ് നിലം ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതവും വേണ്ട. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കും. നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് കൊടുത്താല്‍ മതി.

2008ന് മുന്‍പ് നികത്തിയ ഭൂമി ക്രമപ്പെടുത്തല്‍ വ്യവസ്ഥകളിലും മാറ്റം വരുന്നു. വീടുവയ്ക്കാന്‍ 300 ചതുരശ്ര മീറ്റര്‍ വരെ നികത്തിയതിന് പിഴയടയ്ക്കേണ്ടതില്ല. വ്യാവസായിക ആവശ്യത്തിനാണെങ്കില്‍ പിഴയൊഴിവാക്കല്‍ പരിധി 100 ചതുരശ്ര മീറ്ററാണ്. ഇതിന് മുകളിലാണ് നികത്തിയതെങ്കില്‍ ന്യായവിലയുടെ പകുതി തുക പിഴ ഈടാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.