കൊച്ചി: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണം ആത്മഹത്യയാക്കി തീർക്കാൻ ശ്രമം നടക്കുന്നതായി പിതാവിന്റെ ആരോപണം. ആത്മഹത്യയെന്ന നിഗമനത്തിലേക്ക് കേസ് എത്തിക്കാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. കേസില്‍ അറസ്റ്റിലായ ക്രോണിനെ ഒരു പ്രമുഖനായ വ്യക്തിയുടെ മകനാണ് സഹായിച്ചിരിക്കുന്നതെന്നും മിഷേലിന്റെ പിതാവ് ഷാജി വർഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മകളെ കാണാതായ ദിവസം തന്നെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അപ്പോൾ അന്വേഷിച്ചിരുന്നെങ്കിൽ മിഷേലിനെ കണ്ടെത്താനാകുമായിരുന്നു. മിഷേലിന്റെ കവിളുകളില്‍ നഖം ആഴ്ന്നിറങ്ങിയ പാടുകളും ഇരു കൈകളിലും ബലമായി പിടിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള ഒരു അന്വേഷണവും കേസില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പള്ളിയില്‍നിന്നും പുറത്തിറങ്ങിയ മിഷേലിനെ അജ്ഞാതരായ രണ്ടുപേര്‍ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവരെ കണ്ടെത്താന്‍ ഇതുവരെയും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കൊലപാതകമെന്നു വ്യക്തമാക്കുന്ന തെളിവുകളുണ്ടായിട്ടും ആത്മഹത്യ എന്ന് എഴുതിത്തള്ളി കേസ് ഒതുക്കിത്തീര്‍ക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്. മകള്‍ക്ക് നീതി തേടി നിയമപോരാട്ടം നടത്തുമെന്നും ഷാജി വർഗീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് ആറിനാണ് മിഷേലിനെ കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മിഷേലിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തുവന്നതോടെ അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു.