തിരുവനന്തപുരം: കോര്‍പ്പറേഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ കത്ത് പുറത്തുവന്ന സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണമെന്നാണ് ലഭിക്കുന്ന വിവരം.
ക്രൈം ബ്രാഞ്ചിന്റെ ഏത് യൂണിറ്റാണ് കേസ് അന്വേഷിക്കുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ക്രൈം ബ്രാഞ്ച് മേധാവിയായിരിക്കും ഇത് തീരുമാനിക്കുക. കത്ത് വ്യാജമെന്ന് പറയുന്ന മേയറുടെ മൊഴിയുള്‍പ്പെടെയുള്ള പ്രാഥമിക റിപ്പോര്‍ട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയിരുന്നു.
കത്ത് വിവാദമായതിന് ഒന്നരയാഴ്ചയ്ക്ക് ശേഷമാണ് പ്രാഥമിക റിപോര്‍ട്ട് കൈമാറിയത്. യഥാര്‍ത്ഥ കത്ത് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്തിന് പിന്നില്‍ ആരെന്നും കണ്ടെത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.
വാട്ട്സാപ്പില്‍ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. കത്ത് വ്യാജമാണെന്നാണ് മേയറുടെ മൊഴിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. കത്ത് അയച്ചതായി പറയുന്ന ദിവസം മേയര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മൊഴി നല്‍കിയത്.
കോര്‍പ്പറേഷനില്‍ താത്കാലിക നിയമനത്തിനായി ലിസ്റ്റ് ചോദിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ആര്യ രാജേന്ദ്രന്റെ പേരിലെഴുതിയ കത്തായിരുന്നു പുറത്തു വന്നത്. കത്ത് വിവാദമായതോടെ ആര്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുകയും ചെയ്തു. എന്നാല്‍ ആര്യ രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.
ഏത് അന്വേഷണം നേരിടാനും താന്‍ തയാറാണെന്നും കോര്‍പ്പറേഷനില്‍ നിയമനങ്ങള്‍ സുതാര്യമാണെന്നും ആര്യ പിന്നീട് പ്രതികരിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരില്‍ കണ്ടാണ് മേയര്‍ പരാതി നല്‍കിയത്. വളരെ ഗൗരവമായുള്ള അന്വേഷണം ആവശ്യമായതിനാലാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതെന്ന് ആര്യ വ്യക്തമാക്കിയിരുന്നു.