scorecardresearch

ഡോക്ടറെ മർദിച്ച സംഭവം: കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ ഇന്ന് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കും

rahul mathew, doctor, ie malayalam
ഡോ.രാഹുൽ മാത്യു

ആലപ്പുഴ: മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല. നടപടി ഡോക്ടറെ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധമുണ്ടായതിനു പിന്നാലെ സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.

പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ ഇന്ന് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കും. രാവിലെ 10 മുതല്‍ 11 വരെ എല്ലാ സ്ഥാപനങ്ങളിലും ഒപി ബഹിഷ്കരിച്ച് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെജിഎംഒഎ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, കോവിഡ് ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ മുടക്കില്ല.

അതേസമയം, പൊലീസുകാരന്‍റെ മര്‍ദനത്തിനിരയായ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഇന്നലെ മുതല്‍ അവധിയില്‍ പ്രവേശിച്ചു. ആദ്യം, മർദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് താൻ രാജിവയ്ക്കുന്നതായി ഡോ.രാഹുൽ മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. പിന്നീട് ഈ പോസ്റ്റ് പിൻവലിച്ച് അവധി തീരുമാനമെടുക്കുകയായിരുന്നു.

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ മേയ് 14നാണ് സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിനെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ജീവൻ​ര ക്ഷിക്കാനായില്ല. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്.

Also Read: പൊലീസുകാരന്റെ മർദനത്തിനിരയായ ഡോക്ടർ അവധിയിൽ പ്രവേശിച്ചു; സമരം ശക്തമാക്കി ഡോക്ടർമാർ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Crime branch to investigate doctor attacked by police