കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. അന്വേഷണം ഇനിയും നീട്ടികൊണ്ടുപോകേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഈ മാസം 31ന് കോടതിയിൽ സമർപ്പിക്കും.
കേസിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവൻ പ്രതിയാകില്ല. ഗൂഢാലോചന നടത്തിയതായി തെളിവില്ലാത്തതിനാലാണ് കാവ്യയെ പ്രതിപട്ടികയിൽ ചേർക്കാത്തത്. അതിനാൽ കാവ്യ സാക്ഷിയായി തന്നെ തുടരും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കവും ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം ആരോപിച്ചിരുന്നു. അവരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തുടരന്വേഷണത്തിന് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിൽ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്ത് മാത്രമാകും പ്രതിയാകുക. ശരത്തിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ദിലീപിന്റെ ഫോണിലുണ്ടായിരുന്നു ദൃശ്യങ്ങൾ നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഈ മാസം 31ന് സമർപ്പിക്കാനാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ഇനിയും സമയം നീട്ടിനൽകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Also Read: പുതുക്കിയ ഇന്ധനവില പ്രാബല്യത്തിൽ; പ്രധാനനഗരങ്ങളിലെ വില ഇങ്ങനെ