തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളെ കുറിച്ചും അന്വേഷിക്കാന്‍ ഒരുങ്ങി ക്രൈം ബ്രാഞ്ച്. കേസിന്റെ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഇതിനായി പി.എസ്.സിയോട് മുന്‍ റാങ്ക് ലിസ്റ്റുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ മുഴുവന്‍ റാങ്ക് ലിസ്റ്റുമാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങള്‍ ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറിയ്ക്ക് കത്തയച്ചിട്ടുണ്ട്. പരീക്ഷ തട്ടിപ്പിനെതിരെ സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈം ബ്രാഞ്ച് നടപടി.
സംശയാസ്പദമായ രീതിയില്‍ ആരെങ്കിലും റാങ്ക് ലിസ്റ്റില്‍ കടന്നു കൂടിയിട്ടുണ്ടോ, പ്രതികളുമായി ബന്ധമുള്ള ആരെങ്കിലും പട്ടികയില്‍ കയറിയിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം കീഴടങ്ങിയ പൊലീസുകാരന്‍ ഗോകുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.