കൊച്ചി: വാഹന റജിസ്ട്രേഷൻ കേസിൽ നടി അമലാ പോളിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. നടി അമലാ പോളിന്രെ മൊഴി വിശ്വസനീയമല്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതായും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പോണ്ടിച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തിയ കേസിലാണ് അമലാപോളിനെ ആവർത്തിച്ച് ചോദ്യം ചെയ്തത്. നെടുമ്പാശേരിയിൽ വച്ചാണ് അമലാപോളിനെ ചോദ്യം ചെയ്തത്. വാഹന രജിസ്ട്രേഷനായി ഹാജരാക്കിയ രേഖകളുടെ പകർപ്പിന് പകരം ഒറിജിനൽ രേഖ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

പോണ്ടിച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്യുന്നതിന് നടി അമല പോൾ വ്യാജരേഖയുണ്ടാക്കിയെന്നാണ് ആരോപണം. പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അമല തന്റെ എസ് ക്ലാസ് ബെൻസ് റജിസ്റ്റർ ചെയ്തത് ഓഗസ്റ്റ് ഒന്പതിനാണെന്നും എന്നാൽ പോണ്ടിച്ചേരിയിൽ വാടകച്ചീട്ടുണ്ടാക്കിയത് ഒക്ടോബർ അവസാനത്തോടെയാണെന്നുമാണ് എന്ന് കണ്ടെത്തിയതെന്നുമായിരുന്നു വാർത്ത.

ഓഗസ്‌റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. ചെന്നൈയിൽ നിന്ന് വാങ്ങിയ കാർ പിന്നീട് പോണ്ടിച്ചേരിയിൽ റജിസ്‌റ്റർ ചെയ്തു. കേരളത്തിൽ കാർ റജിസ്‌റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു.

പോണ്ടിച്ചേരിയിൽ നികുതി കുറവായതിനാൽ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തിൽ നൽകേണ്ടി വന്നത്. പോണ്ടിച്ചേരിയിൽ വാഹനം റജിസ്‌റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, നടിക്ക് നേരിട്ട് അറിയാത്ത എൻജിനീയറിങ് വിദ്യാർഥിയുടെ തിലാസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് പോണ്ടിച്ചേരിയിൽ കാർ റജിസ്‌റ്റർ ചെയ്തത്. ഇവർക്ക് അമല പോളിനെയോ കാർ റജിസ്ട്രേഷൻ നടത്തിയ വിവരമോ അറിയില്ല. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ റജിസ്‌ട്രേഷന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ