സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വസ്തുതകള്‍, പൂർണമായി വെളിപ്പെടുത്താനാകില്ല: സർക്കാർ

ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണനാണ് ഹര്‍ജി സമര്‍പ്പിച്ചത്

കൊച്ചി: സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വസ്തുതകളുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. മൊഴി പൂര്‍ണമായി വെളിപ്പെടുത്താനാകില്ലെന്നും മുദ്രവച്ച കവറില്‍ കൈമാറാമെന്നും ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിർബന്ധിച്ചെന്ന സന്ദീപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതിനെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കെയാണ് സർക്കാരിനുവേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഹരേൻ പി.റാവൽ ഇക്കാര്യം അറിയിച്ചത്.

ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഹര്‍ജിയില്‍ പ്രസക്തമല്ലാത്ത രേഖകള്‍ ഇ.ഡി നല്‍കിയതിനു പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഇ.ഡിയുടെ ഹര്‍ജി തള്ളണമെന്ന്  സർക്കാർ ആവശ്യപ്പെട്ടു.  ഇ.ഡിക്കെതിരായ കേസിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളില്ല. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള അന്വേഷണം, കേസുമായി ബന്ധമില്ലാത്ത ഒരാൾക്കെതിരെ തെളിവുണ്ടാക്കാനോ കേസിലേക്കു വലിച്ചിഴക്കാനോയുളള ലൈസൻസല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.

Read More: കസ്റ്റംസിന് മുന്നില്‍ ഇന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഹാജരാകില്ല; സുഖമില്ലെന്ന് വിശദീകരണം

സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ്. ഇത് കള്ളപ്പണം വെളുപ്പിക്കൽ കേസിനെ ബാധിക്കില്ല. ഇ.ഡിക്കെതിരായ ആരോപണം ശരിയാണെങ്കിൽ അത് അതീവ ഗുരുതരമാണെന്നും രാജ്യത്തെ ഒരു പൗരനും സുരക്ഷിതനല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഒരാൾക്കെതിരെ കള്ളത്തെളിവുണ്ടാക്കാൻ കേന്ദ്ര ഏജൻസിയായ ഇ.ഡിക്ക് അവകാശമില്ല.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പൊലീസ് ഇടപെടുകയാണെന്ന തരത്തിൽ ഇ.ഡി പുകമറ സൃഷ്ടിക്കുകയാണ്. ശബ്ദരേഖയുടെ നിജസ്ഥിതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി പൊലീസ് മേധാവിക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവും എഫ്ഐആറും. ക്രൈംബ്രാഞ്ചന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നതിനാൽ കോടതി ഇടപെടരുത്.  പ്രാരംഭ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. ഇ.ഡിയുടെ ഹർജി അപക്വമാണെന്നും തള്ളണമെന്നും സർക്കാർ ആവശ്യപ്പെട്ടു. സമാന കേസിൽ രണ്ട് പ്രഥമവിവര റിപ്പോർട്ടുകൾ പാടില്ലെന്നാണ് ഹർജിക്കാരുടെ വാദം.  എന്നാൽ കേസിലെ കുറ്റങ്ങൾ ഒന്നാണോ എന്നതാണ് ചോദ്യമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കേസ് കൂടുതൽ വാദത്തിനായി നാളത്തേക്കു മാറ്റി.

ക്രൈം ബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണനാണ് ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ ഇ.ഡി സമ്മര്‍ദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് കേസെടുത്തത്. കോടതി ഉത്തരവ് വരുന്നതുവരെ കേസില്‍ തുടര്‍നടപടി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സ്വപ്നയുടേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയിലും സമാന പരാതി ഉന്നയിച്ചിരുന്നു. സന്ദീപിനെ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുവാദം നല്‍കിയകതിനെതിരെയും ഇ.ഡി ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Crime branch on sandeep nair in high court against ed

Next Story
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്നും കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല; സുഖമില്ലെന്ന് വിശദീകരണം നല്‍കിKerala News Live, Kerala News in Malayalam Live
The moderation of comments is automated and not cleared manually by malayalam.indianexpress.com