കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച് സംഘം. ചോദ്യം ചെയ്യല്‍ നാല് മണിക്കൂറിലധികം നീണ്ടു നിന്നു.ദിലീപിന്റെ ആലുവയിലുള്ള ‘പത്മസരോവരം’ എന്ന വീട്ടിൽവെച്ചാണ് ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസും ക്രൈം ബ്രാഞ്ച് സംഘത്തിനൊപ്പമുണ്ടായിരുന്നു.
ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അഭിഭാഷകൻ മുഖേനെ ആലുവയിലെ ‘പത്മസരോവരം’ വീട്ടിൽവെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം.
കഴിഞ്ഞ മാസവും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യക്ക് നോട്ടീസ് നൽകിയിരുന്നു. അന്ന് കാവ്യാ അസൗകര്യം അറിയിച്ചു കത്ത് നൽകിയിരുന്നു. പിന്നീട് ആലുവയിലെ വീട്ടിൽവെച്ച് ചോദ്യം ചെയ്യുന്നതും പരിഗണിച്ചിരുന്നു. എന്നാൽ പ്രതിയായ ദിലീപിന്റെ വീട്ടിൽവെച്ച് ചോദ്യം ചെയ്യേണ്ട എന്ന നിലപാടിൽ ക്രൈംബ്രാഞ്ച് അത് വേണ്ടെന്ന് വെക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനുള്ള സങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ബുദ്ധിമുട്ടും ക്രൈംബ്രാഞ്ച് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രോജക്റ്ററും മറ്റുസംവിധാനങ്ങളും ഉപയോഗിച്ചു ഡിജിറ്റൽ തെളിവുകൾ കാണിച്ചു വേണം ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ എന്നതിനാലായിരുന്നു ഇത്.
കേസിലെ ഗൂഢാലോചനയില്‍ കാവ്യയുടെ പങ്ക് സംശയിക്കപ്പെടുന്ന തരത്തിലുള്ള സംഭാഷണങ്ങളും മറ്റും ലഭിച്ചതിനു പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30-നകം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി അന്ത്യശാസനം നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും വേഗം ചോദ്യം ചെയ്യൽ പൂർത്തിയാക്കി നടപടികൾ വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമം.
Also Read: തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് ചൂടേറുന്നു; ഉമയും ജോ ജോസഫും ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും