കൊച്ചി : മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണം ആത്മഹത്യ തന്നെയാകാമെന്ന പ്രാഥമിക നിഗമനത്തിൽ ക്രൈം ബ്രാഞ്ചും. കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ക്രൈം ബ്രാഞ്ചും ഇതേ നിഗമനത്തിൽ എത്തിയത്. കലൂരിലെ സെന്റ് ആന്റണീസ് പള്ളി മുതൽ ഗോശ്രീ പാലം വരെയുള്ള പത്തോളം സിസിടിവി കാമറ ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് കണ്ടെത്തി.
കലൂർ പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങിയ ശേഷം മിഷേൽ പാലാരിവട്ടം ഭാഗത്തേക്ക് നടക്കുന്നതും പിന്നീട് ഇവിടെ നിന്ന് പിൻതിരിഞ്ഞ് കലൂർ ഭാഗത്തേക്ക് വരുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇത് ആരെയെങ്കിലും കണ്ട് ഭയന്നിട്ടാണോയെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. അതേസമയം കേസിൽ റിമാന്റിൽ കഴിയുന്ന ക്രോണിൻ അലക്സാണ്ടർ ബേബി നൽകിയ മൊഴികളുടെ സാധുതയാണ് ഇപ്പോൾ പരിശോധിക്കുന്നത്.
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ഗോശ്രീ പാലത്തിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ മിഷേലിന് സാമ്യമുള്ള പെൺകുട്ടിയെ കണ്ടെന്ന വൈപ്പിൻ സ്വദേശി അമലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഇയാളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഇവിടെ നിന്നും കായലിലേക്ക് ചാടാനുള്ള സാധ്യതകളെ ക്രൈം ബ്രാഞ്ച് സംഘം തള്ളികളഞ്ഞിട്ടില്ല.
സംഭവത്തിൽ പള്ളിയിൽ നിന്നിറങ്ങി പെൺകുട്ടി പിന്നീട് എവിടെയായിരുന്നുവെന്ന സംശയമാണ് വീട്ടുകാർക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇവർ ഗോശ്രീ പാലത്തിലേക്ക് നടന്നുപോയെന്ന സംശയത്തെ ബലപ്പെടുത്തുന്ന വീഡിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പക്ഷെ പെൺകുട്ടിയുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല. എന്നാൽ വസ്ത്രങ്ങളും നടക്കുന്നതിലെ സാമ്യതകളും മുൻനിർത്തിയാണ് ഇത് മിഷേൽ തന്നെയാകുമെന്ന് അന്വേഷണ സംഘം സംശയിക്കുന്നത്. ഹൈക്കോർട്ട് ജംഗ്ഷനിൽ ബസിറങ്ങിയ ശേഷം മിഷേൽ ഗോശ്രീയിലേക്ക് നടന്നുപോയതാണെന്ന സംശയമാണ് ക്രൈം ബ്രാഞ്ചിനും. ഇതിന് ഹൈക്കോടതി ജംഗ്ഷനിലും ഗോശ്രീ പാലത്തിന് സമീപവുമുള്ള കൂടുതൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കും.