തിരുവനന്തപുരം: ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികരെ പ്രതിസ്ഥാനത്ത് നിർത്തിയ ലൈംഗിക ചൂഷണ വിവാദത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ക്രൈം ബ്രാഞ്ച് മേധാവി ഷെയ്ഖ് ധർവേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും.
അൺ എയ്ഡഡ് സ്കൂൾ അദ്ധ്യാപികയായിരുന്ന യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന് ആരോപിച്ച് ഭർത്താവാണ് സഭ നേതൃത്വത്തിന് പരാതി നൽകിയത്. ചൂഷണത്തിന് ഇരയായ യുവതിയോ ഭർത്താവോ പൊലീസിൽ പരാതി നൽകിയിരുന്നില്ല.
എന്നാൽ ഈ വിഷയം ചൂണ്ടിക്കാട്ടി, കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പരിഷ്കരണ കമ്മിഷൻ ചെയർമാനും സിപിഎം മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവുമായ വിഎസാണ് രംഗത്ത് വന്നത്. ഇദ്ദേഹം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്ത് നൽകി.
ഓർത്തഡോക്സ് സഭയിലെ നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളില്‍പ്പെട്ട അഞ്ച് വൈദികര്‍ക്കെതിരെയാണ് ആരോപണം. കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി തന്റെ ഭാര്യയെ വർഷങ്ങളായി ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ കമ്മിഷനെ സഭ നേതൃത്വം നിയമിച്ചിരുന്നു. ആരോപണ വിധേയരായ വൈദികരെ സഭ സസ്പെൻഡ് ചെയ്തു.
എന്നാൽ സഭയുടെ അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാകാൻ ഇരയാക്കപ്പെട്ട യുവതി തയ്യാറായിട്ടില്ല. ഭർത്താവിന്റെ പരാതി മാത്രമാണ് ഉളളത്. അതേസമയം ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായയി സഭ നേതൃത്വം വ്യക്തമാക്കി.