കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബർ രണ്ടാം പ്രതിയും മാനേജർ സുനിൽ രജനി മൂന്നാം പ്രതിയുമാണ്. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.
കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്‌ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. പെരുമ്പാവൂർ സ്വദേശിയാണ് പരാതിക്കാരൻ. 2016 മുതല്‍ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാമെന്ന് അവകാശപ്പെട്ട് 12 തവണയായി പണം തട്ടിയെന്നാണ് ഷിയാസിന്റെ പരാതി. ക്രൈംബ്രാഞ്ച് എസ്‌പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
Read More: സണ്ണി ലിയോണിന്റെ അറസ്റ്റ് കോടതി തടഞ്ഞു; ചോദ്യം ചെയ്യുന്നതിൽ തടസമില്ല
കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് മനഃപൂർവമല്ലെന്നായിരുന്നു സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നൽകിയെന്നും എന്നാൽ ചടങ്ങ് നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോൺ വ്യക്തമാക്കിയിരുന്നു.
സംഘാടകര്‍ പലതവണ പരിപാടി മാറ്റിവച്ചു. പിന്നീട് ബഹ്‌റൈനിൽ പരിപാടി നടത്താമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല. 2019-ലെ പ്രണയദിനത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും കരാര്‍ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നല്‍കാന്‍ സംഘാടകര്‍ തയ്യാറായില്ല. ഇതാണ് പരിപാടി നടക്കാതിരിക്കാന്‍ കാരണമെന്നും വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ നടി പറഞ്ഞിരുന്നത്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്. 2018 മേയ് 26ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡാൻസ് ഫിനാലെയിൽ പങ്കെടുക്കുന്നതിനാണ് സംഘാടകർ നടിയുമായി ധാരണയായത്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നടിയുടെ അനുമതിയോടെ പരിപാടി ഉപേക്ഷിച്ചു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പ്രതിഫലം 30 ൽ നിന്ന് 25 ലക്ഷമായി കുറച്ചു. 19 ലക്ഷം അഡ്വാൻസ് കൈപ്പറ്റി. 2019 ഫെബ്രുവരിയിൽ അങ്കമാലിയിൽ പരിപാടി നടത്താൻ തീരുമാനിച്ചു. പരിപാടിയുടെ പ്രമോഷന് എത്താമെന്ന് സമ്മതിച്ചെങ്കിലും എത്തിയില്ല.
പരിപാടിയുടെ തലേന്ന് കൊച്ചിയിൽ എത്തിയെങ്കിലും പങ്കെടുക്കാനാവില്ലെന്ന് ട്വീറ്റ് ചെയ്തെന്നും വഞ്ചിച്ചെന്നുമാണ് ആരോപണം. വലിയ സാമ്പത്തിക ബാധ്യത ഉണ്ടായെന്നും രണ്ടരക്കോടി നഷ്‌ടമുണ്ടായെന്നുമാണ് പരാതി. ജനുവരി അവസാന ആഴ്ച മുതല്‍ സണ്ണി ലിയോണ്‍ കുടുംബ സമേതം കേരളത്തിലുണ്ട്.