മൂന്നാർ: പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽ കുഞ്ഞുങ്ങളെ പരിപാലിക്കാൻ നിയോഗിച്ചിരുന്ന ജീവനക്കാരിയെ  വെട്ടിക്കൊലപ്പെടത്തി, ആഭരണങ്ങൾ മോഷ്ടിച്ചു. കണ്ണൻദേവൻ പ്ളാന്റേഷന് കീഴിലുള്ള ബെൽമൂർ ഡിവിഷനിലെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായ കേന്ദ്രത്തിലാണ് സംഭവം. രാജഗുരു (42) ആണ് കൊല്ലപ്പെട്ടത്.

മൂന്ന് വയസ്സിന് താഴെയുള്ള പത്തുകുട്ടികളെ പരിപാലിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. നെറ്റിയിലും കഴുത്തിലും പിന്നിലും വെട്ടേറ്റിട്ടുണ്ട്. ഇവരുടെ 12 പവന്റെ ആഭരണങ്ങൾ മോഷണം പോയിട്ടുണ്ട്. ഉച്ചയ്ക്ക് 12.30 നും ഒന്നരയ്ക്കും ഇടയ്ക്കായിരിക്കാം കൊലപാതകം നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

12.15 ന് ക്രഷിലെത്തിയ കമ്പനി ഉദ്യോഗസ്ഥന് ഇവർ ചായ ഉണ്ടാക്കി നൽകിയിരുന്നു. ഇയാൾ പോയ ശേഷമാണ് കൊലപാതകം നടന്നത്. എസ്റ്റേറ്റിലെ ശമ്പള ദിവസമായതിനാൽ, കുഞ്ഞുങ്ങളെ കൊണ്ടു പോകാനായി എത്തിയ സ്ത്രീകളാണ് ഇവരെ രക്തത്തിൽ കുളിച്ച് ക്രഷിന്റെ അടുക്കളയോടു ചേർന്നു കിടക്കുന്നതു കണ്ടത്.

ഇവരുടെ നിലവിളി കേട്ടെത്തിയ മറ്റ് തൊഴിലാളികൾ ഉടൻ തന്നെ ഇവരെ, സമീപത്തുള്ള സോത്തുപാറയിലെ കമ്പനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഇവർ ധരിച്ചിരുന്ന 8, 4 പവൻ വീതമുള്ള രണ്ടു മാലകളാണ് കാണാതായത്. മൃതദേഹം മൂന്നാർ ടാറ്റാ ടീ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. മൂന്നാർ ടൗണിലെ ടൂറിസറ്റ് ഗൈഡായ മണികുമാറാണ് ഭർത്താവ്. മക്കൾ: രാജ് കുമാർ, രാമരാജ്.

ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ, മൂന്നാർ ഡി.വൈ.എസ്.പി. കെ.എൻ. അനുരൂദ്ധൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. മോഹൻദാസ്, മൂന്നാർ സി.ഐ സാം ജോസ്, എസ്.ഐ. പി.ജിതേഷ് എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ