കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള തന്റെ ഒന്നര ഏക്കർ കൃഷിയിടവും വീടും ഉള്‍പ്പെട്ട ഭൂമിയില്‍നിന്ന് ഏഴു വർഷം മുൻപാണ് പൊക്കത്തയിൽ മാത്യു പടിയിറങ്ങിയത്. വന്യജീവികളുടെ തുടര്‍ച്ചയായ ആക്രമണമാണ് ഈ തീരുമാനത്തിലേക്കു നയിച്ചത്.
” എപ്പോഴെങ്കിലും എന്റെ ഭൂമി വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാൻ വനത്തിൽനിന്ന് കുറച്ചകലെയുള്ള ഗ്രാമത്തിലെ പുതിയ വീട്ടിലേക്ക് മാറിയത്,” 55 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന വന്യജീവി സങ്കേതമായ ആറളം അതിർത്തിയോട് ചേർന്ന് കേളകം പഞ്ചായത്തിലെ അടക്കാത്തോട് ഗ്രാമത്തിൽ താമസിക്കുന്ന മാത്യു പറയുന്നു.
എന്നാല്‍ ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് മാത്യു. കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളുടെ വലിയൊരു ഭാഗം ബഫർ സോണിന്റെയോ അല്ലെങ്കിൽ പരിസ്ഥിതിലോല സോണിന്റെയോ ഭാഗമാകാൻ സാധ്യതയുള്ളതിനാൽ മാത്യുവിനെപ്പോലെ മറ്റു ഗ്രാമവാസികളും ആശങ്കയിലാണ്.
“ബഫർ സോൺ കാരണം ഞങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ല. എന്റെ ഭൂമി വെറുതെ കിടക്കുമ്പോൾ ഞാൻ ഇവിടെ പശുവിനെ വളർത്തി ജീവിക്കുന്നു. വന്യമൃഗങ്ങളെ ഭയന്ന് എനിക്ക് കൃഷി ചെയ്യാൻ കഴിയില്ല. ആ ഭൂമി വിൽക്കാനും കഴിയില്ല,” മാത്യു പറയുന്നു.
സംസ്ഥാനത്തെ 22 വന്യജീവി സങ്കേതങ്ങൾക്കും പാർക്കുകൾക്കും ചുറ്റുമുള്ള നിർദിഷ്ട ഒരു കിലോമീറ്റർ ബഫർ സോണിൽ ഉൾപ്പെടേണ്ട പ്രദേശങ്ങളെക്കുറിച്ചുള്ള ഉപഗ്രഹ സർവേ റിപ്പോർട്ട് സർക്കാർ പരസ്യമാക്കിയതിനു പിന്നാലെ പ്രതിഷേധമുയര്‍ന്നിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു സര്‍വേ നടന്നത്.
ഉയർന്ന ജനസാന്ദ്രതയും വനവിസ്തൃതിയുമുള്ള കേരളത്തിലാണ് സുപ്രീം കോടതി ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായത്. പ്രത്യേകിച്ചും പശ്ചിമഘട്ടത്തിന്റെ 40 ശതമാനവും സംസ്ഥാനത്തായതിനാല്‍.
കേളകം, കൊട്ടിയൂർ എന്നീ പഞ്ചായത്തുകളിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളും തന്നെ ബഫർ സോണുകളിൽ ഉൾപ്പെടുന്നു. കുന്നിന് ചെരുവുകളില്‍ നൂറുകണക്കിനു വീടുകളും ടാർ റോഡുമൊക്കെയുള്ള ഗ്രാമങ്ങളാണിവ.
കേരളത്തിന്റെ തെക്കേ അറ്റത്തെ വടക്കോട്ട് ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട 1,332 കിലോമീറ്റർ നീളമുള്ള സംസ്ഥാന പാതയായ മലയോര ഹൈവേയുടെ ഒരു ഭാഗം ഗ്രാമങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ റോഡ് വീതി കൂട്ടൽ നടപടികളും മരങ്ങൾ മുറിക്കലും നിരോധിക്കുന്നത് ഉൾപ്പെടെയുള്ള ബഫർ സോൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പലരും തങ്ങളുടെ ഭൂമി ഉപയോഗശൂന്യമാകുമോ എന്ന ഭയത്തിലാണ്.
“നേരത്തെ, എന്റെ ഭൂമി കാടിന്റെ അതിർത്തിയായിരുന്നില്ല. എന്നാൽ കാലക്രമേണ, വനത്തിന് സമീപം താമസിക്കുന്ന ആളുകൾ അവരുടെ ഭൂമി ഉപേക്ഷിച്ചതോടെ വന്യമൃഗങ്ങൾ ഈ ജനവാസമില്ലാത്ത പ്രദേശങ്ങളിലേക്ക് ഇറങ്ങി. എന്റെ മുറ്റമിപ്പോള്‍ കാടാണ്. ബഫര്‍ സോണ്‍ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ഭൂമി വില്‍പ്പന നടക്കുമെന്നു തോന്നുന്നില്ല. ഭൂമി ഉപേക്ഷിച്ച് പോകുകയല്ലാതെ മാർഗമില്ല, ” ബെന്നി ചാമനാട്ട് പറയുന്നു.
സ്വമേധയാ സ്ഥലം വിട്ടുനൽകുന്ന വനംവകുപ്പിന്റെ പദ്ധതിക്കു കഴിഞ്ഞ വർഷം അപേക്ഷിച്ച കൊട്ടിയൂർ പഞ്ചായത്തിലെ 176 കർഷകർ/ഭൂവുടമകളിൽ ഒരാളാണ് ബെന്നി ചാമനാട്ട്. കാടിനോട് ചേർന്നുള്ള ഭൂമി വിട്ടുനൽകുന്ന കർഷകർക്കു രണ്ട് ഹെക്ടർ വരെ 15 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
പഞ്ചായത്തുകളിലെ ഭൂമി ഇടപാടുകൾ ഏറെക്കുറെ നിലച്ചതായാണ് ഉദ്യോഗസ്ഥരില്‍നിന്ന് അറിയാന്‍ സാധിച്ചത്.
സ്വകാര്യ ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വായ്പ എടുക്കാന്‍ പോലും കഴിയുന്നില്ലെന്നാണു പലരും പറയുന്നത്. ഭൂമി ഉപേക്ഷിച്ചു പോകേണ്ടിവരുമോയെന്ന ഭയത്താല്‍ യുവതി യുവാക്കള്‍ക്ക് കല്യാണാലോചനകള്‍ വരുന്നില്ലെന്നും ചിലര്‍ പറഞ്ഞു.