scorecardresearch
Latest News

കൊച്ചി മെട്രോ പില്ലറിന് താഴെ റോഡിൽ വിളളൽ

ബാനർജി റോഡിൽ മണപ്പാട്ടിപ്പറമ്പ് സിഗ്നലിൽ നിന്നും കലൂർ ഭാഗത്തേക്കുളള റോഡിലാണ് വിളളൽ വീണിരിക്കുന്നത്

കൊച്ചി മെട്രോ പില്ലറിന് താഴെ റോഡിൽ വിളളൽ

കൊച്ചി: കൊച്ചി നഗര മധ്യത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണിട്ട് മാസങ്ങൾ പിന്നിടുമ്പോള്‍ ഈ ഭാഗത്ത് വീണ്ടും റോഡിൽ വിളളൽ രൂപപ്പെട്ടു. മുൻപ് അപകടം നടക്കും മുൻപ് കാണപ്പെട്ടതിന് സമാനമായി റോഡിലെ മണ്ണ് താഴ്ന്നു പോയി ടൈലുകൾ ഇളകിയ നിലയിലാണ് ഇപ്പോള്‍.

ബാനർജി റോഡിൽ മണപ്പാട്ടിപ്പറമ്പ് സിഗ്നലിൽ നിന്നും കലൂർ ഭാഗത്തേക്കുളള റോഡിലാണ് വിളളൽ വീണിരിക്കുന്നത്. തേവര-പേരണ്ടൂർ കനാലിനെ മുറിച്ചു കടക്കുന്ന പാലത്തിന്റെ മുൻപുളള ഭാഗത്ത് മണ്ണ് താഴ്ന്നു പോയ നിലയിലാണ്. ഇവിടെ മെട്രോയുടെ പില്ലറുകളുടെ തറ ഭാഗം ഉയർന്നും ഇതിനോട് ചേർന്ന് കിടക്കുന്ന പ്രതലം താഴ്ന്നുമാണ് ഇരിക്കുന്നത്. അതിനാൽ വാഹനങ്ങൾ അപകടത്തിലാകാനും സാധ്യതയുണ്ട്.

റോഡിൽ വിളളൽ വീണ ഭാഗം

കൊച്ചിയിൽ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നാണിത്. മിനിറ്റുകൾക്കിടയിൽ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. അതിൽ തന്നെ ഇരുചക്ര വാഹനങ്ങൾ മുതൽ ടൂറിസ്റ്റ് ബസുകൾ വരെയുണ്ട്. ഈ ഭാഗത്താണ് വലിയ വിളളലുകൾ കാണപ്പെട്ടിരിക്കുന്നത്.

Read More: കൊച്ചിയിൽ ബഹുനില കെട്ടിടം തകർന്നുവീണു: മെട്രോ സർവ്വീസുകൾ വെട്ടിച്ചുരുക്കി

കഴിഞ്ഞ വർഷം ഏപ്രിൽ 19 ന് രാത്രിയിലാണ് പോത്തീസ് ടെക്സ്റ്റൈൽ ഗ്രൂപ്പിന് വേണ്ടി കെട്ടിടം നിർമ്മിക്കുന്ന ഭാഗത്ത് മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്. L ആകൃതിയിലുളളതാണ് ഈ പ്ലോട്ട്. അപകടത്തിൽ ആളപായം ഉണ്ടായിരുന്നില്ല. എന്നാൽ മെട്രോയുടെ 599, 600, 601 നമ്പർ പില്ലറുകൾക്ക് തൊട്ട് താഴെ വരെ ഭൂമിയിൽ വിളളലുകൾ ഉണ്ടായി. ഇതേ തുടർന്ന് അന്ന് രാത്രിയും തൊട്ടടുത്ത ദിവസവും കൊച്ചി മെട്രോ സർവ്വീസ് ആലുവയിൽ നിന്ന് പാലാരിവട്ടം വരെയാക്കി വെട്ടിച്ചുരുക്കിയിരുന്നു. ഇതു വഴിയുളള റോഡ് ഗതാഗതം നാല് ദിവസത്തിലേറെ അടച്ചിട്ടിരുന്നു.

റോഡിൽ വിളളൽ വീണ ഭാഗം

 

റോഡിനോട് ചേർന്ന്, ഗോകുലം ഹോട്ടൽ വരെയുളള വഴിയിൽ മണ്ണിട്ട് ഉയർത്തി പൂർവ്വസ്ഥിതിയിലാക്കി. ഇതിന് പുറമെ, മെട്രോയോട് ചേർന്ന റോഡ് നന്നാക്കാനും കെട്ടിടം നിർമ്മിക്കുന്നവർക്ക് നിർദ്ദേശം നൽകിയിരുന്നുവെന്ന് പിഡബ്ല്യുഡി അധികൃതർ പറയുന്നു. ഇതേയിടത്താണ് വീണ്ടും വിളളലുകൾ വീണിരിക്കുന്നത്.

Rad More: ‘എൽ നിനോ’യുടെ കൊടും ചതി; കേരളത്തിൽ ‘മത്തി’ ഇനി കിട്ടാക്കനിയാവും

റോഡിൽ വിളളൽ വീണ ഭാഗം

ആ ഭാഗത്ത് വിളളൽ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ എംടി ഷാബു ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. “ആ സ്ഥലം പോത്തീസ് ഗ്രൂപ്പിന്റേതാണ്. അവരുടെ സ്ഥലത്ത് നിന്ന് മണ്ണ് നീക്കം ചെയ്യാനുളള അനുമതി മാത്രമാണ് പിഡബ്ല്യുഡി നൽകിയിട്ടുളളത്. അപകടം ഉണ്ടായപ്പോൾ തന്നെ ഈ ഭാഗത്തെ റോഡിന് വന്ന തകരാർ പൂർണ്ണമായും നന്നാക്കാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അത് ചെയ്തില്ല. ഇപ്പോൾ വീണ്ടും വിളളൽ കണ്ടപ്പോൾ ഞങ്ങളത് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിന് ഇതു വരെ അനുമതി നൽകിയിട്ടില്ല,” എന്നും എടി ഷാബു പറഞ്ഞു.

വിളളലുകൾ വീണതിന് നേരെ എതിർവശത്ത് കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലം

അപകടം നടന്ന സ്ഥലത്ത് ഇപ്പോഴും നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ 20ലേറെ തൊഴിലാളികളും വാഹനങ്ങളും ഞായറാഴ്ച ഉണ്ടായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ തങ്ങൾ ഇവിടം സന്ദർശിച്ചിട്ടില്ലെന്നാണ് എംടി ഷാബു മറുപടി നൽകിയത്. “ചതുപ്പ് നിറഞ്ഞ പ്രദേശമാണിത്. കെട്ടിടം നിർമ്മിക്കുന്നവർ അതിന് വേണ്ടി ചെളിയെടുത്തപ്പോൾ സ്വാഭാവികമായും മെട്രോയുടെ താഴെയുളള ചെളി അങ്ങോട്ട് നീങ്ങിയിരിക്കാനുളള സാധ്യതയുണ്ട്. അതിനാലാവും ഇങ്ങിനെ സംഭവിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം പോത്തീസിന് കെട്ടിട നിർമ്മാണത്തിനുളള അനുമതിക്ക് അപകട സമയത്ത് തന്നെ സ്റ്റോപ് മെമ്മോ ലഭിച്ചിരുന്നു. എന്നാൽ ഇത് പിന്നീട് എടുത്തുമാറ്റിയെന്ന് കൊച്ചി നഗരസഭാ സെക്രട്ടറി എഎസ് അനൂജ വ്യക്തമാക്കി.  “അവരുടെ പക്കൽ എല്ലാ പേപ്പറുകളും ഉണ്ടായിരുന്നു. അതിന് പുറമെ, ഒരു തവണ അപകടം നടന്നതിന്റെ പശ്ചാത്തലത്തിൽ ചില നിബന്ധനകൾ ചേർത്താണ് പിന്നീട് സ്റ്റോപ് മെമ്മോ പിൻവലിച്ചത്,” അനൂജ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cracks develop on road near kochi metro pillar in kaloor

Best of Express