scorecardresearch
Latest News

‘ശബ്ദിച്ചത് പൊലീസിലെ കീടങ്ങള്‍ക്കെതിരെ’; നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ ഉമേഷ് വള്ളിക്കുന്ന്

കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായി കഴിഞ്ഞ ദിവസം വിരമിക്കുന്നതിന് മുന്‍പ് എ. വി. ജോര്‍ജാണ് ഉമേഷിന്റെ നിര്‍ബന്ധിത വിരമിക്കലിനുള്ള ഉത്തരവില്‍ ഒപ്പുവച്ചത്

‘ശബ്ദിച്ചത് പൊലീസിലെ കീടങ്ങള്‍ക്കെതിരെ’; നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവില്‍ ഉമേഷ് വള്ളിക്കുന്ന്

കോഴിക്കോട്: നിര്‍ബന്ധിത വിരമിക്കലിനുള്ള ഉത്തരവില്‍ പ്രതികരണവുമായി ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്ന്. കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായി കഴിഞ്ഞ ദിവസം വിരമിച്ച എ. വി. ജോര്‍ജാണ് ഉമേഷിന്റെ നിര്‍ബന്ധിത വിരമിക്കലിനുള്ള ഉത്തരവില്‍ ഒപ്പുവച്ചത്.

“നിരന്തരം ശബ്ദിച്ചത് പൊലീസിലെ കീടങ്ങള്‍ക്കെതിരെയാണ്. സേനയിലെ ക്രമക്കേടുകള്‍ ചോദ്യം ചെയ്തതിന് 10 കാരണം കാണിക്കല്‍ നോട്ടീസാണ് കിട്ടിയത്. തന്നെ കുത്തി കുത്തി ശബ്ദമുണ്ടാക്കിച്ചത് കമ്മിഷണര്‍ എ. വി. ജോര്‍ജാണ്. വിരമിക്കുന്നതിന് മുന്‍പ് എ. വി. ജോര്‍ജ് എന്തെങ്കിലും ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു,” ഉമേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

“ഞാന്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ല. ഇത്തരം ഒരു പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നതായിയുള്ള ചരിത്രം ഞാന്‍ കേട്ടിട്ടില്ല. സേനയിലെ ക്രമക്കേടുകളെക്കുറിച്ച് പൂര്‍ണ ബോധ്യത്തോടെയാണ് സംസാരിച്ചത്. പലതിനും പരിഹാരവുമുണ്ടായി, ഞാന്‍ പ്രതികരിച്ചില്ലായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുമോ,” ഉമേഷ് ചോദിച്ചു.

“പൊലീസുകാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും പ്രണയിക്കരുതെന്നും ഫെയ്സ്ബുക്ക് കുറിപ്പിടരുതെന്നും ഒരു സര്‍ക്കലുറുകളിലും പറയുന്നില്ല. എനിക്കെതിരായ നടപടി മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. കാലിക്കട്ട് പ്രസ് ക്ലബ്ബിലെ വനിതാ ദിന ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് അവസാനമായി കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചത്,” ഉമേഷ് കൂട്ടിച്ചേര്‍ത്തു.

“തന്നെ നാലാള്‍ അറിയുന്ന വിധത്തിലാക്കിയത് എ. വി. ജോര്‍ജാണെന്ന് ചൂണ്ടിക്കാണിച്ച് ഫെയ്സ്ബുക്കില്‍ ഉമേഷ് ഒരു നന്ദിക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. എ. വി. ജോര്‍ജ് എന്താണെന്നും ജനങ്ങളുടെ മനസിലുള്ള സ്ഥാനം എന്താണെന്നും നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്റെ പണികളയുമെന്ന് അദ്ദേഹം പറഞ്ഞതാണ്. അതാവും വിരമിക്കുന്ന അവസാന ദിനം എനിക്കെതിരായ ഉത്തരവില്‍ ഒപ്പിട്ടത്,” ഉമേഷ് പറഞ്ഞു.

ആരാണ് എ. വി. ജോര്‍ജ്

34 വര്‍ഷം നീണ്ട സര്‍വീസിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായിരുന്നു എ. വി. ജോര്‍ജ് വിരമിച്ചത്. കോട്ടയം മൂന്നിലവ് സ്വദേശിയാണ്. വാരപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണമായിരുന്നു ജോര്‍ജുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളില്‍ ഒന്ന്. അന്ന് ആലുവ റൂറല്‍ എസ് പിയായിരുന്ന ജോര്‍ജ് രൂപവത്കരിച്ച പ്രത്യേക സംഘമായിരുന്നു ആരോപണ വിധേയമായത്. തുടര്‍ന്ന് അദ്ദേഹത്തിന് സസ്പെന്‍ഷനും ലഭിച്ചു.

പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ടും ജോര്‍ജ് വിമര്‍ശനം നേരിട്ടു. യുഎപിഎ കേസില്‍ തനിക്ക് പിഴിച്ചിട്ടില്ലെന്ന് പറഞ്ഞ ജോര്‍ജ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റ് ശരിയായിരുന്നെന്നും യാതൊരുവിധ ഇടപെടലുമില്ലാതെയാണ് അന്വേഷണം മുന്നോട്ട് പോയതെന്നും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ പുറത്തു വരുന്ന കാര്യങ്ങള്‍ ദിലീപിന്റെ അറസ്റ്റ് ശെരിയാണെന്ന് സാധൂകരിക്കുന്നതാണ്. സാധാരണക്കാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും നടിയെ ആക്രമിച്ച കേസില്‍ സംഭവിച്ചിട്ടുണ്ടെന്നും ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

Also Read: Russia-Ukraine War News: മരിയുപോളില്‍ രക്ഷാപ്രവര്‍ത്തന ശ്രമവുമായി റെഡ് ക്രോസ്; തെക്കു കിഴക്കന്‍ മേഖല ലക്ഷ്യമാക്കി റഷ്യ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cpo umesh vallikunnu kerala police av george