തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരായ സമരങ്ങൾ ശക്തമാകുന്നതിനിടെ സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഇത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുക്കുന്നതിലേക്ക് നയിച്ചു. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ പ്രതിഷേധക്കാരാണ് സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്നത്.

മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്. പ്രതിഷേധം തുടരുന്നതിനാല്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

പ്രതിഷേധക്കാരിൽ രണ്ടുപേര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചു. പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Read More: സെക്രട്ടറിയേറ്റിന് സമീപം വീണ്ടും ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമം

പ്രതീകാത്മക ശവമഞ്ചം തീര്‍ത്തുള്ള പ്രതിഷേധം അടക്കം സെക്രട്ടേറിയറ്റ് പരിസരത്ത് പുരോഗമിക്കുകയാണ്. സിപിഒ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരും ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരും എല്ലാം സമരത്തിനുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തുന്നുമുണ്ട്. അതിനിടെയാണ് പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് ചാടിക്കയറിയത്.

സമരത്തിനിടയില്‍ ഉദ്യോഗാര്‍ഥികള്‍ കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സെക്രട്ടറിയേറ്റിന് സമീപത്തുള്ള കെട്ടിടത്തിന് മുന്നില്‍ കയറിനിന്നുകൊണ്ടാണ് ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. താഴേക്ക് ചാടുമെന്ന് പറഞ്ഞ ഉദ്യോഗാര്‍ഥികളെ പൊലീസ് ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.

ജനുവരി 26 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ സമരം തുടരുകയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച സമരവേദിയിലെത്തിയിരുന്നു. ഇതിനിടെ ഉദ്യോഗാർത്ഥികളിൽ രണ്ടുപേർ തിങ്കളാഴ്ച ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. റാങ്ക് ലിസ്റ്റിൽ 954-ാം റാങ്കുകാരനായ പ്രിജു, 354-ാം റാങ്കുകാരനായ പ്രവീണ്‍കുമാര്‍ എന്നിവരാണ് തിങ്കളാഴ്ച ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്.

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടുക, താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നത് അവസാനിപ്പിച്ച് പിഎസ്‌‌സി റാങ്ക് ലിസ്റ്റിൽ നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കുക, റാങ്ക് ലിസ്റ്റിലുള്ളവർക്ക് എത്രയും വേഗം നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.