സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപം വീണ്ടും പിഎസ്സി ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാ ശ്രമം. സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളാണ് ആത്മഹത്യാ ശ്രമം നടത്തിയത്. നാല് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനു മുന്നിലുള്ള കെട്ടിടത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇവരെ ഫയർഫോഴ്സ് സംഘമെത്തി താഴെയിറക്കി.
പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. തിങ്കളാഴ്ട് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ സമരത്തിനിടെ രണ്ടു പേർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു.
Read More: ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ ആത്മഹത്യാശ്രമം
ജനുവരി 26 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ സമരം തുടരുകയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ തിങ്കളാഴ്ച സമരവേദിയിലെത്തിയിരുന്നു. ഇതിനിടെ ഉദ്യോഗാർത്ഥികളിൽ രണ്ടുപേർ തിങ്കളാഴ്ച ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. റാങ്ക്ലിസ്റ്റിൽ 954-ാം റാങ്കുകാരനായ പ്രിജു, 354-ാം റാങ്കുകാരനായ പ്രവീണ്‍കുമാര്‍ എന്നിവരാണ് തിങ്കളാഴ്ച ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്.
രണ്ടാഴ്ചയോളമായി ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടുക, താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിയമനം നല്‍കുന്നത് അവസാനിപ്പിച്ച് പിഎസ്സി റാങ്ക്ലിസ്റ്റിൽ നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കുക, റാങ്ക് ലിസ്റ്റിലുള്ളവർക്ക് എത്രയുംവേഗം നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Read More: ഇടത് സർക്കാരിന്റെ കാലത്തെ ബന്ധു നിയമനം; 17 പേരുകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിഷേധം നടന്നു. പിൻവാതിൽ നിയമനത്തിൽ പ്രതിഷേധിച്ച് എറണാകുളം കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് പ്രവർത്തക മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമത്തെത്തുടർന്ന് സമരത്തിനെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് കളക്ട്രേറ്റിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകര്‍ മാർച്ച് നടത്തി. കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ പിഎസ്സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചിരുന്നു.