കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പൾസർ സുനിക്ക് ജയിലിൽ ഫോൺ കൈമാറിയ പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ. കളമശേരി എആർ ക്യാംപിലെ സിപിഒ അനീഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഈ സംഭവത്തിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത അനീഷിനെ ജാമ്യത്തിൽ വിട്ടിരുന്നു.

പൾസർ സുനി കാക്കനാട് സബ് ജയിലിൽ തടവിൽ കഴിഞ്ഞ സമയത്താണ് നടൻ ദിലീപിനെ ഫോണിൽ വിളിക്കാൻ അനീഷ് സഹായിച്ചത്. പൾസർ സുനിയുടെ സെല്ലിന്റെ കാവൽ ചുമതല അനീഷിനായിരുന്നു. ഈ അവസരം പൾസർ സുനി ഉപയോഗിക്കുകയായിരുന്നു. പൾസർ സുനിക്കുവേണ്ടി ദിലീപിനെ വിളിക്കാൻ അനീഷ് ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സുനിയുടെ ശബ്ദസന്ദേശം ദിലീപിന് അയച്ചുകൊടുക്കാൻ അനീഷ് ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഭാര്യയും കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന കാക്കനാട്ടെ വസ്ത്രക്കടയിലേക്ക് അനീഷ് പല തവണ വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ഗൂഢാലോചനയിൽ നടൻ ദിലീപിന് പങ്കുണ്ടെന്ന് പൾസർ സുനി വെളിപ്പെടുത്തിയതും അനീഷിനോടാണെന്നും ഇതേത്തുടർന്നാണ് ദിലീപിനെ വിളിക്കാൻ അനീഷ് സഹായം നൽകിയതെന്നുമാണ് പൊലീസ് നൽകുന്ന വിവരം. അനീഷിനെ കേസിലെ പതിനാലാം പ്രതിയാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.