കണ്ണൂര്‍: തലശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വധിക്കാന്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലക്കേസുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായ നിജില്‍ ദാസിന്റെ നേതൃത്വത്തിലാണ് പദ്ധതിയിട്ടത്. അറസ്റ്റിലായവരുടെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്.
കൊലയ്ക്ക് മുന്‍പ് പ്രതിയും ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡന്റ് ലിജേഷും ഫോണില്‍ ബന്ധപ്പെട്ട പൊലീസുകാരനേയും ചോദ്യം ചെയ്തേക്കും. കണ്ണവം സ്റ്റേഷനിലെ സിപിഒ സുരേഷിനെയായിരുന്നു ലിജേഷ് ബന്ധപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. പ്രാഥമിക ചോദ്യം ചെയ്യലില്‍ സുരേഷ് ഇക്കാര്യം നിഷേധിച്ചിരുന്നതായും പൊലീസ് പറയുന്നു.
ഹരിദാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ലിജേഷ് ഉള്‍പ്പെടെ നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന്റെ സൂത്രധാരന്‍ ലിജേഷാണെന്നാണ് സംശയിക്കുന്നത്.
ഹരിദാസന്റെ കൊലപാതകം
മത്സ്യത്തൊഴിലാളിയായ ഹരിദാസനെ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മീന്‍പിടിത്തം കഴിഞ്ഞു വീട്ടിലെത്തിയ ഹരിദാസിനെ ബന്ധുക്കളുടെ മുന്നിലാണു വെട്ടിക്കൊന്നത്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
ക്ഷേത്രത്തിലുണ്ടായ തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അതു സംസാരിച്ച് പരിഹരിച്ചെങ്കിലും തുടര്‍ന്നും അടിയുണ്ടായെന്നുമാണ് ഹരിദാസന്റ ബന്ധുക്കള്‍ പറയുന്നത്. ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ഹരിദാസനും തനിക്കും ഭീഷണിയുണ്ടായിരുന്നെന്നും ഇതുകാരണം കുറച്ച് ദിവസം പണിക്കു പോയിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.
Also Read: തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യം; ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും