കണ്ണൂർ: കോവിഡ് പ്രതിരോധത്തിനിടയിലും രാഷ്ട്രീയ അക്രമങ്ങൾക്ക് അറുതിയില്ല. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് സിപിഎം പ്രവർത്തകന് വെട്ടേറ്റു. തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി ആദര്‍ശിനാണ് വെട്ടേറ്റത്. തലയ്ക്കും കൈക്കും പരുക്കേറ്റ ആദർശിനെ ചെറുക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണപുരം പറമ്പത്ത് വച്ച് ഒരു സംഘം ആദർശിനെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ആദർശിനെ അക്രമിച്ചതിൽ ആർഎസ്എസ് – ബിജെപി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ വളപട്ടണം പോലീസ് കേസെടുത്തിട്ടുണ്ട്.

ആദർശിനു നേരെ നടന്ന ആക്രമണത്തിനു പിന്നാലെ, യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ട്രഷറര്‍ നന്ദകുമാറിന്റെ വീട്ടിലും ബോംബേറുണ്ടായി. കണ്ണപുരത്തെ വീടിന് നേരെയായിരുന്നു ആക്രമണം. ബോംബേറിൽ വീടിന്‍റെ ചില്ലുകൾ തകർന്നെങ്കിലും ആളപായമില്ല. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

Read Also: ബെവ് ക്യൂ ആപ്പില്‍ ക്രമക്കേട്; ആരോപണവുമായി ചെന്നിത്തല

കണ്ണൂർ അഴീക്കോട് ദേശാഭിമാനി ജീവനക്കാരന്റെ വീടിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. സിപിഎം ചക്കരപ്പറ ബ്രാഞ്ചംഗവും ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ പ്രൂഫ് റീഡറുമായ എം.സനൂപിന്റെ വീടാണ് ഞാറാഴ്ച പുലർച്ചെ മൂന്നിന് ഒരു സംഘം ആക്രമിച്ചത്. സനൂപിന്റെ അയൽവാസിയും ചക്കരപ്പറ ബ്രാഞ്ച് അംഗവുമായ കെ.നിഷിത്തിന്റെ വീടിനു നേരെയും ആക്രമണം നടന്നിട്ടുണ്ട്.

ബൈക്കിൽ എത്തിയ ആക്രമിസംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു. ഇരുവരുടെയും വീടിന്റെ ജനൽചില്ലുകൾ തകർന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപി എം നേതൃത്യം ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.