കൊച്ചി: കോൺഗ്രസ്സുമായി സഹകരണം വേണ്ടെന്ന സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനത്തെ കുറ്റപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. മോദിയുടെ ഭരണ തുടർച്ചയാണ് സിപിഎമ്മിന്റെ ആഗ്രഹമെന്ന് എകെ ആന്റണി പറഞ്ഞു. പാർട്ടിയുടെ രാഷ്ട്രീയ നയത്തിൽ മാറ്റം വേണമെന്ന ചർച്ച സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി തള്ളിയ സാഹചര്യത്തിലാണ് നടപടി.

“കേന്ദ്രകമ്മിറ്റിയിൽ ഇത്തരത്തിൽ തീരുമാനമെടുപ്പിച്ചത് കേരളത്തിൽ നിന്നുള്ള നേതാക്കളാണ്. കേരളത്തിൽ കോൺഗ്രസിന്റെ സ്വാധീനം കുറയ്ക്കാൻ സിപിഎമ്മിനും ബിജെപിക്കും ഒരേ മനസാണ്. കേന്ദ്രത്തിൽ ബിജെപി തന്നെ ഭരിക്കുന്നതാണ് സിപിഎമ്മിന് താത്പര്യം”, എകെ ആന്റണി പറഞ്ഞു.

പ്രത്യക്ഷത്തിൽ ആക്രമിക്കുകയും പരോക്ഷമായി സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മും ബിജെപിയും പിന്തുടരുതെന്ന് ആന്റണി പറഞ്ഞു.

ദേശീയ തലത്തിൽ കോൺഗ്രസ് അടക്കമുള്ള മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുമായി സഖ്യം വേണമോയെന്ന ചർച്ചയായിരുന്നു കേന്ദ്രകമ്മിറ്റി തള്ളിയത്. നിലവിലെ സ്ഥിതിയിൽ രാഷ്ട്രീയ അടവുനയത്തിൽ മാറ്റം വരുത്തേണ്ടെന്ന് കേന്ദ്രകമ്മിറ്റി ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു”.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ