തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിപിഎം ‘ജയ്’ വിളിക്കുന്ന കാലം വിദൂരമല്ലെന്ന് കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. കേരളത്തിലെ സിപിഎം ‘സോണിയ ഗാന്ധി സിന്ദാബാദ്’ എന്നു വിളിക്കുന്ന കാലം ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്നതിൽ സംശയമില്ല. ബംഗാളിലും ത്രിപുരയിലും മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ് മുന്നോട്ടു വരണമെന്നാണ് ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ പരാജയമാണെന്നും ആന്റണി പറഞ്ഞു. ജനങ്ങൾക്കുണ്ടായിരുന്ന എല്ലാ പ്രതീക്ഷകളും നഷ്ടമായി. ജനങ്ങളുടെ ജീവിതം യുഡിഎഫ് ഭരണകാലത്തേക്കാൾ മോശമായി. തീർത്തും നിരാശാജനകമായ ഭരണമാണു ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.

തിരിച്ചടികൾ സ്വാഭാവികമാണെന്നും കോൺഗ്രസ് തിരിച്ചുവരുമെന്നും ആന്റണി വ്യക്തമാക്കി. നേതാക്കന്മാർ മാത്രമുണ്ടായിട്ടു കാര്യമില്ലെന്നും അണികളും പ്രവർത്തകരും വേണമെന്നും ആന്റണി പറഞ്ഞു. അതേസമയം, ടി.പി. സെൻകുമാർ വിഷയം, കോട്ടയത്തെ കേരള കോൺഗ്രസ് (എം)- സിപിഎം സഖ്യം തുടങ്ങിയവയെക്കുറിച്ച് പ്രതികരിക്കാൻ ആന്റണി തയാറായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ