തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. യൂത്ത് കോൺഗ്രസ് നടത്തുന്നത് ചാവേർ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉപതിരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം തയ്യാറാണ്. ഏത് സാഹചര്യത്തിലും തിരഞ്ഞെടുപ്പിന് സിപിഎം ഒരുക്കമാണ്. എന്നാൽ ഉപതിരഞ്ഞെടുപ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഎം പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെയുള്ള പ്രതിഷേധത്തില്‍ സിപിഎമ്മും പങ്കാളിയാകുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഒരു ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പിന്തുണ നൽകുന്ന കാര്യത്തിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ സമീപനമാണുള്ളത്. അങ്ങനെ വരികയാണെങ്കില്‍ അത്തരമൊരു ചിന്തയ്ക്ക് രൂപംപകരാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് സുധാകരൻ പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ രാജ്യമെങ്ങും ഇന്നു മുതൽ പ്രതിഷേധം ശക്തമാക്കാനാണ് പാർട്ടി തീരുമാനം. എഐസിസി, പിസിസി, ഡിസിസി, ബ്ലോക്ക് തലങ്ങളിലാകും പ്രതിഷേധം. ഡൽഹിയിൽ വൻ റാലി നടത്താനും ആലോചനയുണ്ട്.