തൊടുപുഴ: കുടുംബ പ്രശ്നത്തിൽ കൈകടത്തി വീടിന് മുന്നിൽ കൊടി നാട്ടി സി പി ഐ, സിപി ഐ യെ കടത്തി വെട്ടി ബോർഡ് വച്ച് സിപി എം, സി പി ഐ കുഴിച്ച കുഴിയിൽ വീണ സിപി എം പിടിച്ചത് പുലിവാൽ. സംഭവം പൊല്ലാപ്പയാപ്പോൾ ബോർഡും ഊരി തടി കഴിച്ചിലാക്കി സി പിഎം. ഇടുക്കിയിലെ ഭൂമി കൈയേറ്റ കഥകൾ മുറുകുന്നതിനിടെയാണ് കുടുംബ വഴക്കിൽ സിപി എമ്മും സി പി ഐയും രണ്ട് ചേരിയിലായി ഇടപെട്ടത്. കുടുംബപ്രശ്നത്തിൽ കൈകടത്തി വീട് കൈയേറ്റം നടത്തിയാണ് സി പി എം ഇവിടെ കുഴിയിൽ ചാടിയത്.
കൈയേറി വീട് പാര്‍ട്ടി ഓഫീസാക്കിയ സിപിഎം 48 മണിക്കൂറിനുള്ളില്‍ അത് തിരിച്ചു കൊടുത്ത് പ്രശ്‌നത്തില്‍ നിന്നു തലയൂരി. ഇടുക്കി ജില്ലയിലെ കുമളിക്കടുത്തുള്ള മുരിക്കടിയിലാണ് സിപിഎമ്മും സിപിഐയും ഇടപെട്ട കുടുംബ പ്രശ്‌നത്തില്‍ നേട്ടംകൊയ്യാന്‍ നോക്കിയ സിപിഎം പ്രദേശിക നേതൃത്വം ഒടുവില്‍ വെട്ടിലായത്. മുരുക്കടി സ്വദേശികളായ മാരിയപ്പനും ബന്ധുവും അധ്യാപകനുമായ മുഹമ്മദ് സല്‍മാനും (മുത്തു) തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായും ഒടുവില്‍ സിപിഎമ്മിനെ കുഴിയില്‍ ചാടിക്കുന്ന രീതിയിലേക്കും മാറിയത്.
മുത്തച്ഛനൊപ്പം മുരിക്കടിയിലെ വീട്ടില്‍ താമസിച്ചിരുന്ന മാരിയപ്പന് വീടു നല്‍കാമെന്നു മുത്തച്ഛന്‍ വാക്കുകൊടുത്തിരുന്നു. എന്നാല്‍, മാരിയപ്പന്‍റെ വിവാഹശേഷം സല്‍മാനും മാരിയപ്പനും തമ്മില്‍ വീടിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കത്തിലാവുകയും ഇതിനിടെ, സല്‍മാന്‍ ഭൂമി സംബന്ധമായ രേഖകള്‍ സ്വന്തം പേരിലാക്കുകയും ചെയ്തു. തര്‍ക്കം തീര്‍ക്കാന്‍ മാരിയപ്പന്‍ സിപിഐയുടെയും, സല്‍മാന്‍ സിപിഎമ്മിന്‍റെയും പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. സിപിഐക്കാര്‍ മാരിയപ്പന് സംരക്ഷണം നല്‍കാന്‍ വീടിനു മുന്നില്‍ കൊടി നാട്ടി. പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ കൊടി മാറ്റുകയും മാരിയപ്പന്‍ വീടൊഴിയണമെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതിനിടെ വീടൊഴിപ്പിക്കാതിരിക്കാന്‍ മാരിയപ്പന്‍റെ ഭാര്യ ശശികല പീരുമേട് കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചെങ്കിലും ഇതുമായി എത്തിയപ്പോഴേക്കും വീട് സിപിഎം ഓഫീസായി മാറിക്കഴിഞ്ഞു. തങ്ങളെ ഉപദ്രവിച്ചെന്നും ബലമായി വീട്ടില്‍ നിന്നു സിപിഎമ്മുകാര്‍ ഇറക്കിവിട്ടെന്നും കാട്ടി മാരിയപ്പന്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ല.

സംഭവം വിവാദമായതോടെ ചൊവ്വാഴ്ച വൈകുന്നേരം സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരേ കുമളി പൊലീസ് പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമ പ്രകാരം കേസെടുത്തു. ബിനീഷ് ദേവ്, അനിയന്‍,അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ എസ്‌സി /എസ്.ടി കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ഇതില്‍ ഇടപെട്ട കമ്മീഷന്‍ ജില്ലാ കളക്ടര്‍, എസ്‌പി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവരോട് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ബുധനാഴ്ച വൈകുന്നേരത്തോടെ ഓഫീസാക്കിയ വീട് ഒഴിയാന്‍ സിപിഎം തീരുമാനിച്ചത്.
ഓഫീസിന്‍റെ ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തിട്ടുണ്ട്. അതേസമയം തങ്ങള്‍ ഓഫീസിനായി മുറി വാടകയ്‌ക്കെടുത്തതു മാത്രമേയുള്ളുവെന്നും കുടുംബ പ്രശ്‌നമാണ് വിവാദത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം. അതേസമയം പാര്‍ട്ടിയെ അനാവശ്യമായി കുടുക്കിലാക്കിയതില്‍ സിപിഎം ജില്ലാ നേതൃത്വം ഉള്‍പ്പടെ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. വിഷയം സിപിഎം-സിപിഐ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കമായും മാറി.