ആലപ്പുഴ: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കായംകുളത്ത് വോട്ടു ചോര്‍ച്ചയുണ്ടായതില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഫെയ്സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ച യു. പ്രതിഭ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും. പ്രതിഭയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു.
“എന്തെങ്കിലും വിമര്‍ശനം കമ്മറ്റികളെക്കുറിച്ചോ സഖാക്കന്മാരെക്കുറിച്ചോ ഉണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് പാര്‍ട്ടിയിലാണ്. പ്രതിഭയുടെ ഈ രീത സംഘടനാപരമല്ല. ഇത് സംബന്ധിച്ച് അവരോട് വിശദീകരണം ചോദിക്കും. വിശദീകരണം ലഭിച്ചതിന് ശേഷം ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും,” നാസര്‍ വ്യക്തമാക്കി.
കായംകുളത്തെ വോട്ട് ചോര്‍ച്ച ചര്‍ച്ചയാക്കിയില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പ്രതിഭ പറഞ്ഞു. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍ പോലും കായംകുളത്തെ വോട്ട് ചോര്‍ച്ച ചര്‍ച്ചയായില്ല. ചിലര്‍ക്കെങ്കിലും താന്‍ അപ്രിയ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും എന്നാല്‍ സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നുവെന്നും അവര്‍ പറഞ്ഞു.
തന്നെ ബോധപൂര്‍വം തോല്‍പ്പിക്കാന്‍ മുന്നില്‍നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവര്ത്തകന് പാര്‍ട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ വന്നതു ദുരൂഹമാണ്. കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായ് നടക്കുകയാണ്.
കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങള്‍ ചവറ്റുകുട്ടയിലാകുന്ന കാലം വിദൂരമല്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ലെന്നും പ്രതിഭ കുറിപ്പില്‍ പറയുന്നു. കായംകുളത്ത് കേവലം 6,298 വോട്ടിന്റെ ഭൂരപക്ഷത്തിലായിരുന്നു പ്രതിഭ വിജയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമായിരുന്നു കായംകുളത്ത് നടന്നത്. സിറ്റിങ് എംഎല്‍എയായ പ്രതിഭയ്ക്കെതിരെ അരിത ബാബുവായിരുന്നു കോണ്‍ഗ്രസിനായി മത്സരിച്ചത്. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും നേരെ കടുത്ത സൈബര്‍ ആക്രമണം വരെ തിരഞ്ഞെടുപ്പ് കാലത്ത് നടന്നിരുന്നു.
Also Read: ബെന്‍സ് കാര്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല; വ്യക്തത വരുത്തി ഗവര്‍ണര്‍