/indian-express-malayalam/media/media_files/uploads/2022/02/Vava-Suresh-home-VN-Vasavan.jpg)
തിരുവനന്തപുരം: വാവ സുരേഷിനു സിപിഎം നേതൃത്വത്തില്‍ വീടൊരുങ്ങുന്നു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ സൊസൈറ്റിയാണ് വീട് നിര്‍മിച്ചുനല്‍കുന്നത്.
സുരേഷിന്റെ അമ്മയുടെ പേരിലുള്ള നാട്ടിലെ ഭൂമിയിലാണു വീട് നിര്‍മിക്കുന്നത്. സുരേഷിന്റെ നിലവിലെ വീട് ഇന്ന് മന്ത്രി വിഎന്‍ വാസവന്‍ സന്ദര്‍ശിച്ചു. കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഓലമേഞ്ഞ പഴയൊരു വീട്ടിലാണ് സുരേഷും കുടുംബവും നിലവില്‍ താമസിക്കുന്നത്. വീട് നിര്‍മിക്കുന്നതു സംബന്ധിച്ച് സുരേഷിന്റെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചതായും അവര്‍ സമ്മതം അറിയിച്ചതായും മന്ത്രി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീട് നിര്‍മിക്കാനാണു അഭയം ചാരിറ്റബിൾ സൊസൈറ്റി ലക്ഷ്യമിടുന്നത്. ഒറ്റദിവസം പോലും മുടങ്ങാതെയായിരിക്കും വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുക. സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം അനുസരിച്ച് അടുത്ത ദിവസം തന്നെ വീടിന്റെ പ്ലാൻ തയാറാക്കും.
Also Read: ഇനി മുന്‍കരുതലെടുക്കണമെന്ന് മന്ത്രി വാസവന്‍; സമ്മതിച്ച് വാവ സുരേഷ്
സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചശേഷം അദ്ദേഹത്തിന്റെ സ്നേഹിതരില്‍നിന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്ന ആവശ്യം വീട് നിര്‍മിച്ചുനല്‍കണം എന്നന്നതായിരുന്നുവെന്നു മന്ത്രി കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇക്കാര്യം സുരേഷിനോട് സംസാരിച്ചപ്പോള്‍ 'അത് സാറ് തീരുമാനിച്ചോളൂ' എന്നാണു മറുപടി ലഭിച്ചതെന്നും മന്ത്രിയുടെ കുറിപ്പില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത വാവ സുരേഷിനെ യാത്രയയ്ക്കാന്‍ മന്ത്രി എത്തിയിരുന്നു. തന്നെ ആശുപത്രിയിലെത്തിച്ച മന്ത്രിക്കു സുരേഷ് പരസ്യമായി നന്ദി പ്രകടിപ്പിച്ചിരുന്നു. അതിനു മുൻപ്, ചികിത്സയിലിരിക്കെ മന്ത്രിയെ കാണണമെന്നു സുരേഷ് ആഗ്രഹം പ്രകടിപ്പിക്കുകയും അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനുസരിച്ച് മരുന്നും വിശ്രമവുമായി വീട്ടിൽ കഴിയുകയാണ് സുരേഷ്. കുറച്ചുദിവസം വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. തുടര്‍ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.