ആലപ്പുഴ: കായൽ കൈയ്യേറ്റമടക്കമുള്ള വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച എൻസിപി നേതാവ് തോമസ് ചാണ്ടിയെ കൈയ്യൊഴിഞ്ഞ് ആലപ്പുഴയിലെ സിപിഎം. കുട്ടനാട് മണ്ഡലം തിരിച്ചെടുക്കാനാണ് ആലപ്പുഴ ജില്ല കമ്മിറ്റി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

“കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോമസ് ചാണ്ടിക്ക് സീറ്റ് നൽകിയത് മണ്ടത്തരമായിപ്പോയി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലം സിപിഎം ഏറ്റെടുക്കും. പാർട്ടിക്ക് ഏറെ വൈകാരിക ബന്ധമുള്ള മണ്ഡലമാണ് കുട്ടനാട്”, ജില്ല സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു.

അതേസമയം, കേസിൽ അനുകൂല വിധി നേടി മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താനുള്ള തോമസ് ചാണ്ടിയുടെ ശ്രമത്തിനാണ് സജി ചെറിയാന്റെ നിലപാട് തടസ്സമായിരിക്കുന്നത്. എൻസിപിയുടെ മറ്റൊരു എംഎൽഎയായ എ.കെ.ശശീന്ദ്രൻ ഹണിട്രാപ്പിൽ കുടുങ്ങിയപ്പോഴാണ് തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്തേക്ക് വഴിയൊരുങ്ങിയത്. എന്നാൽ മാസങ്ങൾക്കകം ഈ സ്ഥാനം തോമസ് ചാണ്ടിക്ക് രാജിവച്ച് ഒഴിയേണ്ടി വന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ